Pravasimalayaly

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: 12 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. ശനിയാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സാണിത്. ഇനി ആറാഴ്ചയ്ക്കുള്ളില്‍ ഇരുസഭകളിലും പാസായാല്‍ ഇതു നിയമമാവും.

12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് 20 വര്‍ഷത്തെ തടവോ, ജീവിതകാല തടവോ, കൂടിയാല്‍ വധശിക്ഷയോ നല്‍കാമെന്നാണ് ഓര്‍ഡിനന്‍സ് ശിപാര്‍ശ ചെയ്യുന്നത്. 12 വയസ്സിനു താഴെയുള്ള കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണെങ്കില്‍ കുറഞ്ഞ ശിക്ഷ ജീവിതകാല തടവായിരിക്കും, കൂടിയാല്‍ വധശിക്ഷയും.

16 വയസ്സില്‍ കൂടുതലുള്ളവരെ പീഡിപ്പിച്ചാലുള്ള കുറഞ്ഞ ശിക്ഷയായ ഏഴു വര്‍ഷം മുതല്‍ 10 വരെയുള്ള കഠിനതടവ്, ജീവപര്യന്തം വരെ നീട്ടാമെന്നും പറയുന്നുണ്ട്.

16 വയസ്സിനു താഴെയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version