Saturday, November 23, 2024
HomeLatest News'കുട്ടിയുടെ ഭാവിയെ കരുതി നടപടി വേണ്ട' ; തീയേറ്ററിലെ ബാലപീഡനം ഒതുക്കാൻ ശ്രമിച്ചത് മലപ്പുറത്തെ ഒരു...

‘കുട്ടിയുടെ ഭാവിയെ കരുതി നടപടി വേണ്ട’ ; തീയേറ്ററിലെ ബാലപീഡനം ഒതുക്കാൻ ശ്രമിച്ചത് മലപ്പുറത്തെ ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ ?

മലപ്പുറം: എടപ്പാളില്‍ തീയറ്ററില്‍ ബാലപീഡനത്തിൽ അറസ്റ്റിലായ വ്യവസായി മൊയ്തീന്‍കുട്ടിക്കെതിരെ ചെൽഡ് ലൈൻ നൽകിയ പരാതി ഒതുക്കാൻ ശ്രമിച്ചത് മലപ്പുറത്തെ ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ. കുട്ടിയുടെ ഭാവിയെ കരുതി നടപടി വേണ്ടെന്ന് ഇയാൾ കീഴുദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹവും ഇപ്പോൾ നടക്കുന്ന കേസന്വേഷണ സംഘത്തിൽ ഉള്ളതായാണ് സൂചന. ഈ സാഹചര്യത്തിൽ അന്വേഷണ ചുമതല റേഞ്ച് ഐജി ഏറ്റെടുത്തേക്കും.

കേസിൽ അറസ്റ്റിലായ മൊയ്തീൻകുട്ടി പ്രാദേശികമായി ധനാഢ്യനായ വ്യവസായിയാണ്. ഇയാളുടെ സാമ്പത്തിക സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം ഉയർന്നത്. അതിനിടെ പ്രതി മുമ്പും കുട്ടിയെ പീഡിപ്പിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കുട്ടിയും അമ്മയെന്ന് പറയപ്പെടുന്ന സ്ത്രീയും താമസിച്ചിരുന്ന വാടക വീട്ടിൽ മുമ്പും ഇയാൾ വന്നിട്ടുണ്ടെന്നും, ഇയാൾക്കൊപ്പം ഇവർ പുറത്തുപോയിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നാണ് അമ്മ മൊഴി നൽകിയത്. താൻ സിനിമയിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. മാത്രമല്ല തങ്ങളും, അറസ്റ്റിലായ പ്രതിയും ഒരുമിച്ചല്ല വന്നതെന്നും അമ്മ പറഞ്ഞു. പ്രതി മൊയ്തീൻ കുട്ടിയെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് അമ്മയുടെ മൊഴിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അതിനിടെ പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

പോക്സോ പ്രകാരം കേസെടുത്ത പ്രതി മൊയ്തീൻ കുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പീഡിപ്പിക്കുന്നതിന് സഹായം ചെയ്തുകൊടുത്ത കുട്ടിയുടെ അമ്മയെയും കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് സൂചന. പീഡനത്തിന് സഹായം ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ പെൺകുട്ടിയെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ ഉണർന്ന് പ്രവർത്തിച്ച തീയേറ്റർ ഉടമയെയും വനിതാ കമ്മീഷൻ അധ്യക്ഷ അഭിനന്ദിച്ചു. കേസ് എടുക്കാൻ ആദ്യം വിസമ്മതിച്ച ചങ്ങരംകുളം പൊലീസ് അധികൃതരുടെ നടപടിയെ ജോസഫൈൻ വിമർശിച്ചു. കേസെടുക്കാത്ത സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വീഴ്ച വരുത്തിയ ചങ്ങരം കുളം എസ് ഐ ബേബിയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി എന്നയാള്‍ സിനിമാതിയറ്ററില്‍ വെച്ച് ബാലികയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം ഇന്നലെ വാർത്തയായതോടെയാണ് പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതും. സംഭവത്തിൽ മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments