Pravasimalayaly

കുവൈത്ത് ദുരന്തം; നാലുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

കേരളത്തെ കണ്ണീരിലാഴ്ത്തിയ കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് സംസ്കരിക്കും. പത്തനംതിട്ട പന്തളം മുടിയൂർകോണം സ്വദേശി ആകാശ് ശശിധരന്റെ സംസ്കാരം ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കും. 11 മണി മുതൽ വീട്ടിൽ പൊതുദർശനമുണ്ടായിരിക്കും. പുനലൂർ നരിക്കൽ സ്വദേശി സാജന്റേയും വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റേയും സംസ്കാരം ഇന്ന് നടക്കും. നിലവിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലാണ് ലൂക്കോസിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ചുപേരുടെ സംസ്കാരം മറ്റന്നാളാകും നടക്കുക. കോട്ടയം സ്വദേശികളായ സ്റ്റെഫിൻ എബ്രഹാം, ഷിബു വർ​ഗീസ്, പത്തനംതിട്ട അട്ടചാക്കൽ സ്വദേശി സജു വർ​ഗീസ്, കീഴ്വായ്പൂർ സ്വദേശി സിബിൻ എബ്രഹാം, ആലപ്പുഴ പാണ്ടനാട് സ്വദേശി മാത്യു തോമസ് എന്നിവരുടെ സംസ്കാരം മറ്റന്നാൾ നടക്കും.

കുവൈത്ത് തീപിടുത്തത്തിൽ 25 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നാണ് ഇന്ത്യൻ എംബസി അറിയിക്കുന്നത്. ഇതിൽ 14 പേർ മലയാളികളാണ്. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇന്നലെ 12 പേരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായി ​ഗൾഫിലേക്ക് പോയി ഒടുവിൽ അപ്രതീക്ഷിതമായി ഒരു നോവോർമയായി നാടണഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന യാത്രയയപ്പാണ് നാട് നൽകിയത്.

Exit mobile version