കോട്ട: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആൾദൈവങ്ങളെയും ബാബാമാരെയും തൂക്കിലേറ്റണമെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ്. രാജസ്ഥാനിലെ കോട്ടയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് രാംദേവ് ആൾദൈവങ്ങൾക്കെതിരേ നിലപാടെടുത്തത്.
പരിധി ലംഘിക്കുന്ന ആൾദൈവങ്ങളെയും ബാബാമാരെയും ജയിലിലേക്ക് അയയ്ക്കരുത്. അവരെ മരണംവരെ തൂക്കിലേറ്റണം. അതിൽ വിട്ടുവീഴ്ചയുണ്ടാകാൻ പാടില്ല- രാംദേവ് പറഞ്ഞു. എല്ലാ തൊഴിലിനും അതിന്റേതായ പരിമിതികളുണ്ട്. എല്ലാ ജോലികൾക്കും പെരുമാറ്റച്ചട്ടങ്ങളുമുണ്ട്. ബാബാമാർക്കും ഇത് ബാധകമാണ്. കാവി വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടുമാത്രം ഒരാളെ ബാബ എന്നു വിളിക്കാൻ കഴിയില്ല. എല്ലാം വ്യക്തിത്വത്തിലാണ്- രാംദേവ് കൂട്ടിച്ചേർത്തു.
ഗുർമീത് റാം റഹിം, ആശാറാം ബാപ്പു, നിർമൽ ബാബ, രാധെ മാ, ഖുഷി മഹാരാജ്, രാംപാൽ, സ്വാമി അസീമാനന്ദ് എന്നിവരൊക്കെ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിൽ അകപ്പെട്ടിട്ടുള്ള ആൾദൈവങ്ങളാണ്. ഇവരിൽ ചിലർ നിലവിൽ അഴിക്കുള്ളിലുമാണ്.