Pravasimalayaly

കൂടത്തായി കൊലക്കേസ് കീടനാശിനി കുപ്പികള്‍ കണ്ടെത്തി; ജോളിയുടെ ഫോണ്‍ മകന്‍ പോലീസിന് കൈമാറി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളിയടക്കമുള്ള പ്രതികളുടെ തെളിവെടുപ്പ് തുടരുന്നു. ആദ്യ മൂന്ന് കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്ന് കീടനാശിനിയുടേതെന്ന് സംശയിക്കുന്ന രണ്ടു കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. മുൻവശത്തെ കിടപ്പുമുറിയിൽ നിന്നും വീട്ടു വളപ്പിൽ നിന്നുമായിട്ടാണ് കുപ്പികൾ കണ്ടെടുത്തത്. രണ്ട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ അഞ്ച് സാക്ഷികളെ തെളിവെടുത്ത രേഖകളിൽ ഒപ്പുവെപ്പിച്ചിട്ടുണ്ട്.

കീടനാശിനിയുടേതെന്ന് സംശയിക്കുന്ന ഈ കുപ്പികൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ശാസ്ത്രീയ പരിശോധന നടത്തിയാലെ ഇതൊരു തെളിവായി പോലീസ് പരിഗണിക്കുകയുള്ളൂ. ഫോറൻസിക് സംഘത്തിന്റെ അകമ്പടിയോടെയാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്.

ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നാമറ്റം വീട്ടിൽ നിന്ന് പ്രതികളുമായി നാലാമത്തെ മരണം നടന്ന മഞ്ചാടി മാത്യുവിന്റെ വീട്ടിലെത്തിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ അമ്മാവനാണ് മഞ്ചാടി മാത്യു. ഇതിനിടെ മകൻ റൊമോ ജോളിയുടെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. റൊമോയുടേയും ജോളിയുടെ ഭർതൃസഹോദരി റെഞ്ചിയുടേയും മൊഴിയെടുക്കുയും ചെയ്തു. വ്യാഴാഴ്ച രാത്രി വൈക്കത്തെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിരേഖപ്പെടുത്തിയത്.

ജോളി ഉപയോഗിച്ചെന്ന് പറയുന്ന മൂന്ന് മൊബൈൽ ഫോണുകളാണ് കൈമാറിയത്. ജോളിയുടെ ഇളയ മകന്റേയും മൊഴി പോലീസ് രേഖപ്പെടുത്തിയതായാണ് വിവരം.

Exit mobile version