Pravasimalayaly

കൂടത്തായി -പരാതിക്കാരൻ റോജോ നാട്ടിലെത്തി, പൊലീസ് സുരക്ഷയോടെ സഹോദരിയുടെ വീട്ടിൽ: മൊഴി രേഖപ്പെടുത്തും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പരാതി നൽകിയ റോ‌ജോ നാട്ടിലെത്തി. അമേരിക്കയിലായിരുന്നു റോജോ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നാട്ടിലെത്തിയത്. നെ‌ടുമ്പാശേരിയിൽ വിമാനമിറങ്ങിയ റോ‌ജോ പൊലീസ് അകമ്പടിയോടെ കോട്ടയം വൈക്കത്തെ സഹോദരി റെഞ്ചിയുടെ വീട്ടിലേക്കാണ് എത്തിയത്. ജോളിയുടെ ആദ്യഭർത്താവായ കൊല്ലപ്പെട്ട റോയിയുടെ സഹോദരനാണ് റോജോ.

ഇതിനിടെ ചോദ്യം ചെയ്യലിനായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും അച്ഛൻ സക്കറിയയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. വടകര എസ്.പി ഓഫീസിലിലാണ് ഇരുവരും ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ പൊലീസ് നോട്ടീസ് കൈമാറിയിരുന്നു. ഇത് മൂന്നാം തവണയാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം, അന്വേഷണ സംഘത്തിന് സാങ്കേതിക സഹായം നൽകുന്നതിനായി രൂപീകരിച്ച സംഘം ഇന്ന് കൂടത്തായിയിലെത്തി തെളിവുകൾ ശേഖരിക്കും. രാവിലെ വടകരയിലെത്തി റൂറൽ എസ്.പി കെ.ജി.സൈമണുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പരിശോധനയുടെ ഘടന നിശ്ചയിക്കുക. ഐ.സി.റ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ.ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് എത്തുന്നത്. ഫൊറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, ഫിംഗർപ്രിന്റ് ബ്യൂറോ ഡയറക്ടർ തുടങ്ങിയ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ഡി.ജി.പി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയത്.

Exit mobile version