Pravasimalayaly

കൂട്ടബലാത്സംഗക്കേസ്: സിഐ സുനു ഇന്ന് ഡിജിപിക്ക് നേരിട്ട് വിശദീകരണം നല്‍കണം

തിരുവനന്തപുരം: കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനു ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ ഹാജരാകണം. ഇന്നു രാവിലെ 11 മണിക്ക് നേരിട്ട് ഹാജരായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി സുനുവിന് ഡിജിപി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. 

ഡിജിപിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പി ആര്‍ സുനു  അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 31ന് സുനു പൊലീസ് മേധാവിക്ക് ഇ-മെയില്‍ വഴി വിശദീകരണം നല്‍കി.

ഈ വിശദീകരണം തൃപ്തികരമല്ലെന്നും, ഡിജിപിയുടെ ചേംബറില്‍ നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ സുനു തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ടബലാത്സംഗക്കേസില്‍ പ്രതിയാണ്. ഇതുകൂടാതെ വേറെ നിരവധി കേസുകളിലും സുനു പ്രതിയാക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്. 

Exit mobile version