Pravasimalayaly

കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വെങ്കിട്ടരാമനേയും വഫയെയും കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതികൾക്കെതിരേ ചുമത്തിയ മനഃപൂർവമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് നരഹത്യാക്കുറ്റത്തിൽനിന്ന് കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും സമർപ്പിച്ച വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞത്.

അതേസമയം, മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ മാത്രമേ ശ്രീറാമിനെതിരേ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോർ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽനിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ജൂലായ് 20-ന് പ്രതികൾ വിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

തനിക്കെതിരേ ചുമത്തിയ നരഹത്യാക്കുറ്റം നിലനിൽക്കില്ല, താൻ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ വിടുതൽ ഹർജി നൽകിയത്. ബഷീറിനെ തനിക്ക് മുൻപരിചയമില്ലെന്നും അതിനാൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനിൽക്കില്ലെന്നുമായിരുന്നു ശ്രീറാം കോടതിയിൽ പറഞ്ഞത്. ശ്രീറാമിനോട് അമിതവേഗത്തിൽ വാഹനമോടിക്കാൻ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയിൽ വാദിച്ചിരുന്നു.

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീര്‍ മരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കേസ്.

Exit mobile version