Pravasimalayaly

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍ ; മുഴുവന്‍ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി : കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നാണ് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ മാസം 30 നകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം പാനല്‍ ഡ്രൈവര്‍മാരെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക്, നിലവിലെ പി എസ് സി പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. 2455 പേര്‍ നിലവില്‍ പിഎസ് സി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കാനും കോടതി നിര്‍ദേശിച്ചു. പിഎസ് സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

നേരത്തെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധി നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതി നിലപാട് കടുപ്പിച്ചതോടെയാണ്, കണ്ടക്ടര്‍മാരെ പിരിച്ചുവിടാനും, പിഎസ് സി പട്ടികയിലുള്ളവരെ നിയമിക്കാനും തയ്യാറായത്.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്രയും ജീവനക്കാരെ പിരിച്ചുവിടുന്നത് സര്‍ക്കാരിനും തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരും കെഎസ്ആര്‍ടിസി മാനേജ്‌മെന്റും പരിഗണിച്ചേക്കുമെന്നാണ് സൂചന.

Exit mobile version