കെഎസ്ആർടിസി ബസിൽ കയറും മുമ്പ് ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കണം, വഴിയിലിട്ട് പോയാലോ’: പരിഹസിച്ച് സതീശൻ

0
22

ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലപര്യടനത്തിന് ഒരുങ്ങുന്നതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിമാരുടെ യാത്ര കെഎസ്ആർടിസി ബസ്സിലായിരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പരിഹാസവുമായി എത്തിയിരിക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിൽ യാത്രക്കൊരുങ്ങും മുമ്പ് ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കിട്ടിയോ എന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കുമെന്നാണ് സതീശന്‍റെ പരിഹാഹസം. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്ന് പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

‘കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണത്രേ യാത്ര! ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ!’- വിഡി സതീശൻ പരിഹസിച്ചു.

നവംബർ 18 മുതൽ 24 വരെ നിയോജക മണ്ഡലങ്ങളിൽ ജനസദസ്സ് നടത്തി ജനങ്ങളിലേക്ക് നേരിട്ട് സംവദിക്കാനൊരുങ്ങുകയാണ് സർക്കാർ. നംവബര്‍ പതിനെട്ടിന് തുടങ്ങി ഡിസംബര്‍ 24 വരെ 35 ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം 21 പേര്‍ എല്ലാ ഒരു ബസിൽ തിരുവനന്തപുരത്ത് നിന്നും കാസർഗോട് വരെ സഞ്ചരിച്ച് 140 മണ്ഡലങ്ങളിലും ജനങ്ങളുമായി സംവദിക്കും. എന്നാൽ ഇത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സിപിഎമ്മിന്‍റെ രാഷ്ട്രീയ പരിപാടിയാണെന്നും അതിന് സർക്കാർ ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

 മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതില്‍ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ അതേ പരിപാടിയുമായി രംഗത്തുവന്നത് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്നാണ് ജനസദസിനെക്കുറിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ വിമർശിച്ചത്. സർക്കാരിന്റെ ജന സദസ്സ് ബഹിഷ്‌ക്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറിൽ സർക്കാർ പ്രഖ്യാപിച്ച കേരളീയം പരിപാടിയിലും യുഡിഎഫ് പങ്കെടുക്കില്ല.

Leave a Reply