തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) വിദേശത്തേക്ക് മരുന്ന് കയറ്റി അയക്കാന്‍ ഒരുങ്ങുന്നു. കെഎസ്ഡിപി ഉല്‍പാദിപ്പിക്കുന്ന ആറ് മരുന്നുകള്‍ക്ക് വിദേശ കയറ്റുമതിക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, ടാന്‍സാനിയ, ഉഗാണ്ട, സൗത്ത്ആഫ്രിക്ക തുടങ്ങിയ 8 രാജ്യങ്ങളിലേക്കാണ് പ്രധാനമായും മരുന്ന് കയറ്റുമതിക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കെഎസ്ഡിപി ഉല്‍പ്പാദനത്തിലും ലാഭത്തിലും സര്‍വകാല റെക്കോഡ് കൈവരിച്ചിരുന്നു. 58.37 കോടി രൂപയുടെ ഉല്‍പ്പാദനം നടത്തിയ കമ്പനി 2.75 കോടി രൂപ ലാഭം നേടിയിരുന്നു. ഉല്‍പാദനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിദേശത്തേക്ക് മരുന്നുകള്‍ കയറ്റിയയക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ആഭ്യന്തര വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനും കെഎസ്ഡിപി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. നിലവില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാവശ്യമായ 62 ശതമാനം മരുന്നുകളും ഉല്‍പാദിപ്പിക്കുന്നത് കെഎസ്ഡിപിയാണ്. 1945 ല്‍ നിലവില്‍വന്ന ഡ്രഗ്‌സ് ആന്റ് കോസമറ്റിക്‌സ് ആക്ട് പ്രകാരം മരുന്നുല്‍പാദന കമ്പനികള്‍ക്ക് മാത്രമേ മരുന്നിലുണ്ടാകുന്ന പ്രശ്ങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളൂ. മരുന്നിലുണ്ടാകുന്ന പ്രശ്ങ്ങള്‍ക്ക് വിതരണക്കാരും ഉത്തരവാദികളാകും എന്ന നിയമ ഭേദഗതിയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുങ്ങുകയാണ്. സ്വകാര്യ മരുന്ന് ലോബികള്‍ക് കനത്ത തിരിച്ചടിയ്ണ്ടാക്കും. നിലവില്‍ കേരളത്തില്‍ വില്‍ക്കപ്പെടുന്ന 90 ശതമാനം മാരുന്നകളും സംസ്ഥാനത്തിന് പുറത്തുനിന്നാണ് എത്തുന്നത്. ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ എക്‌സൈസ് ഫ്രീ സോണുകളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളാണ് വന്‍കിട കമ്പനികള്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഭേദഗതി നടപ്പായാല്‍ കെഎസ്ഡിപിയ്ക്ക് ഗുണം ചെയ്യും. സംസ്ഥാനത്തെ ഓപ്പണ്‍ വിപണിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മുഴുവന്‍ ഓര്‍ഡറുകളും കെഎസ്ഡിപിയ്ക്ക് ലഭിക്കും.