Pravasimalayaly

കെജ്രിവാളിന്റെ മാപ്പ് പട്ടികയില്‍ കപില്‍ സിബലും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലിനോടും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടും കേജ്രിവാള്‍ മാപ്പുപറഞ്ഞു. നേരത്തേ, അകാലിദള്‍ മന്ത്രിയായിരുന്ന ബിക്രം മജിതിയയോടും കേജ്രിവാള്‍ മാപ്പു ചോദിച്ചിരുന്നു. പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരായ മാനനഷ്ടക്കേസുകള്‍ ഒത്തുതീര്‍ക്കാമെന്ന ധാരണയിലാണ് മാപ്പുപറച്ചിലെന്നാണ് റിപ്പോര്‍ട്ട്.

മജിതിയയോടു മാപ്പു പറഞ്ഞത് പഞ്ചാബ് എഎപി ഘടകത്തെ ഞെട്ടിച്ചു. തുടര്‍ന്നു പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷന്‍ സ്ഥാനം രാജിവച്ചിരുന്നു. അതിനിടെയാണ് അടുത്ത മാപ്പ് അപേക്ഷയുമായി കേജ്രിവാള്‍ എത്തുന്നത്. വേസ്തുത ഉറപ്പ് വരുത്താതെ നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറഞ്ഞത്. ഇതിന് പിന്നാലെ കെജ്രിവാളിനെതിരായ മാനനഷ്ടക്കേസുകള്‍ ഗഡ്കരി പിന്‍വലിച്ചു.2014 ജനുവരി 31ന് ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പട്ടികയില്‍ നിതിന്‍ ഗഡ്കരിയും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗഡ്കരി കെജ്രിവാളിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും കെജ്രിവാള്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് കുറ്റം ചുമത്തിയിരുന്നത്.

ടെലികോം കമ്പനി വോഡഫോണിനു നികുതിയിളവു കൊടുക്കാന്‍ നിയമവിരുദ്ധമായി കപില്‍ സിബല്‍ ഇടപെട്ടെന്ന ആരോപണമാണ് 2013ല്‍ കേജ്രിവാള്‍ ഉന്നയിച്ചത്. ഇതിനെതിരെ സിബലിന്റെ മകന്‍ അമിത് സിബല്‍ കേജ്രിവാള്‍, ഷാസിയ ഇല്‍മി, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അമിത് സിബലിനോടു മാപ്പു പറഞ്ഞുള്ള കത്ത് അയച്ചിട്ടുണ്ട്. ക്ഷമാപണക്കത്ത് കോടതിയിലും ഫയല്‍ ചെയ്യും.

Exit mobile version