തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഹൈക്കമാൻഡിന് കൈമാറി. കെപിസിസിയിൽ പുനഃസംഘടന ഉടൻ വേണമെന്ന് ദീപ ദാസ് മുൻഷി റിപ്പോർട്ടിൽ സൂചിപ്പിച്ചതായാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്.
നാളെ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കളെ കാര്യങ്ങൾ ബോധിപ്പിക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുളള പ്രധാന നേതാക്കളെ നാളെ പ്രത്യേകം കാണുമെന്നും റിപ്പോർട്ടുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടേക്കും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം.
എന്നാൽ നാളെ നടക്കുന്ന യോഗത്തിൽ കെ സി വേണുഗോപാൽ പങ്കെടുത്തേക്കില്ല. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളിൽ സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ അമിതമായി ഇടപെടുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ സി വേണുഗോപാൽ പങ്കെടുക്കാത്തതെന്നാണ് വിവരം.
യോഗത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനയുമുണ്ട്. കേരളത്തിൽ സംഘടനയിൽ സമൂല മാറ്റം വേണമെന്ന കനഗോലു റിപ്പോർട്ടും ഹൈക്കമാൻഡിന് മുന്നിലുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റി പകരം അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം.