കോട്ടയം:കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കോട്ടയം എസ്പി മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോര്‍ട്ട്. കെവിനെ കാണാതായ വാര്‍ത്ത കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അപ്പോള്‍ തന്നെ സംഭവത്തില്‍ ഇടപെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തല്‍. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ മുന്‍ കോട്ടയം എസ്പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രണയവിവാഹത്തെത്തുടര്‍ന്ന് വധുവിന്റെ കുടുംബം കെവിനെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് മേയ് 27ന് രാവിലെ നീനു പൊലീസിന് പരാതി നല്‍കിയിരുന്നു. ഇത് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്നത്തെ കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖിനെ കോട്ടയം ടിബിയിലേക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു വിളിച്ചുവരുത്തി.
എന്നാല്‍ ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്ന് എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അനാസ്ഥ വ്യക്തമായതോടെയാണു പിറ്റേന്നു മൃതദേഹം കണ്ടെത്തിയപ്പോള്‍ എസ്പിയുടെ സ്ഥാനം തെറിച്ചത്. എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊലീസ് ആസ്ഥാനത്തെ എഐജി ആയിരുന്ന ഹരിശങ്കറിനെയാണ് കോട്ടയം എസ്പിയായി പിന്നീട് നിയമിച്ചത്. മാത്രമല്ല, കാര്യക്ഷമമായ അന്വേഷണത്തിന് ഐജി വിജയ് സാഖറെയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിനെയും ബന്ധുവായ അനീഷിനെയും പതിമൂന്നംഗ സംഘം മാന്നാനത്തെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ കെവിന്റെ പിതാവും നീനുവും ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ അതുകഴിഞ്ഞിട്ടു പരിഗണിക്കാമെന്ന നിലപാടിലായിരുന്നു എസ്‌ഐ ഷിബു. ഇതു പിന്നീടു വിവാദമായിരുന്നു. പിറ്റേന്നു രാവിലെ കൊല്ലം തെന്മലയ്ക്കടുത്ത് ചാലിയേക്കര തോട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തി.