Pravasimalayaly

കെ സുധാകരനെ മാറ്റുന്നത് ശരിയല്ല; പിന്തുണയുമായി ഒരു വിഭാഗം നേതാക്കൾ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്കിടെ കെ.സുധാകരന് പിന്തുണയുമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നാണ് ഇവരുടെ വാദം. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാര്‍ട്ടി അധ്യക്ഷനെ തന്നെ മാറ്റുന്നത് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ പക്ഷം.

പാര്‍ട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവര്‍ത്തനത്തിലെ പോരായ്മയുടെ പേരിലോ കെ സുധാകരന്‍ മാറേണ്ടതില്ലെന്ന വാദം ആദ്യം ഉയര്‍ത്തിയത് വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂരാണ്. ഹൈക്കമാന്‍റ് തീരുമാനിച്ചാല്‍ മാറാന്‍ തയ്യാറെന്ന് ആദ്യം പറഞ്ഞ സുധാകരന്‍ പ്രസിഡന്‍റ് പദവിയില്‍ തുടരാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും കൂടുതല്‍പ്പേര്‍ പിന്തുണയുമായി എത്തുമെന്നും പിന്നീട് തറപ്പിച്ചു. പിന്നാലെ കെപിസിസി ഉപാധ്യക്ഷന്‍ വിടി ബല്‍റാം സുധാകരനുള്ള പിന്തുണ പരസ്യമാക്കി. കെ സുധാകരന്‍ അധ്യക്ഷനായശേഷമുള്ള മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ മിന്നും ജയവും ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ മികച്ച പ്രകടനവും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെ മുന്നേറ്റവും അക്കമിട്ട് നിരത്തിയാണ് പിന്തുണ അറിയിച്ചത്. 

സംഘടനാതലത്തില്‍ താഴെതട്ടില്‍ വരെ പ്രവര്‍ത്തനം ശക്തമാണെന്നും സുധാകരനെ അനുകൂലിക്കുന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി തലപ്പത്ത് അഴിച്ചുപണിയെന്ന സൂചനവന്നപ്പോള്‍ തന്നെ സുധാകരനുള്ള പിന്തുണ രമേശ് ചെന്നിത്തലയും നേരത്തെ പരസ്യമാക്കിയിരുന്നു. പരസ്യപ്രകടനത്തിന് ഇല്ലെങ്കിലും പ്രസിഡന്‍റ് മാറണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷനേതാവിന്. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സുധാകരനുമായി ഐക്യത്തോടെയാണ് പോകുന്നതെന്ന് വിഡി സതീശന്‍ നിലപാട് മയപ്പെടുത്തി. 

ഇതോടെ പ്രസി‍‍ഡന്‍റ് മാറുകയാണെങ്കില്‍ പ്രതിപക്ഷനേതാവും മാറട്ടെയെന്ന ആവശ്യം സുധാകരപക്ഷവും തല്‍കാലം ഉപേക്ഷിച്ച മട്ടാണ്. കോണ്‍ഗ്രസിലെ സമീപകാലത്തെ വിന്നിങ് കോമ്പിനേഷനാണ് വിഡി സതീശനും കെ സുധാകരനുമെന്നാണ് നിലപാട്. കൂടുതല്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ വരുന്നതോടെ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനങ്ങളെ സ്വാധീനിക്കാനാകമെന്നാണ് സുധാകരപക്ഷത്തിന്‍റെ പ്രതീക്ഷ.

Exit mobile version