Pravasimalayaly

കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം; മറ്റന്നാള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം; ഹൈക്കോടതി

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മറ്റന്നാള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ സുധാകരനോട് നിര്‍ദേശിച്ചു.

ചോദ്യംചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയെന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നു കാണിച്ചാണു കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഏതെങ്കിലും കാരണവശാല്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ ബോണ്ടിന്‍മേല്‍ ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. 

നേരത്തെ തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദമാണ് സുധാകരന്‍ കോടതിയില്‍ ഉന്നയിച്ചത്. എഫ്‌ഐആര്‍ 2021ല്‍ രജിസ്ട്രര്‍ ചെയ്തതാണ്. അതിലൊന്നും തന്റെ പേര് ഉണ്ടായിരുന്നില്ല. പെട്ടന്ന് രാഷ്ട്രീയപ്രേരിതമായാണ് തന്റെ പേര് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഡിജിപി അനില്‍കാന്ത്, മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ, നിരവധി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെല്ലാം തന്നെ മോന്‍സന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. അവരോടൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതുപോലെയാണ് തന്റെ ചിത്രം പുറത്തുവന്നതെന്നുമായിരുന്നു സുധാകരന്റെ വാദം.

Exit mobile version