Pravasimalayaly

കെ സുധാകരന്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നേതാവ്, വി ഡി സതീശന്‍ ഗുരുവിനെ വെട്ടി പ്രതിപക്ഷ നേതാവായയാള്‍: പി വി അന്‍വര്‍

തെരഞ്ഞെടുപ്പില്‍ പി വി അന്‍വറുമായുള്ള സഹകരണത്തില്‍ വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പി വി അന്‍വര്‍ എംഎല്‍എ. കെ സുധാകരന്‍ വിഷയത്തില്‍ മാന്യമായാണ് ഇടപെട്ടതെന്നും പൊളിറ്റിക്കല്‍ നെക്‌സസിന്റെ ഭാഗമായ വി ഡി സതീശനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ ഈ നെക്‌സസിന്റെ ഭാഗമല്ലെന്നാണ് മനസിലാക്കുന്നത്. പോരാട്ടങ്ങള്‍ നടത്തി വന്ന വ്യക്തിയാണ് സുധാകരന്‍. വി ഡി സതീശന്‍ പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടില്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

കെ സുധാകരനെ വാനോളം പ്രശംസിച്ചും വി ഡി സതീശനെ രൂക്ഷമായി കടന്നാക്രമിച്ചുമായിരുന്നു അന്‍വറിന്റെ പ്രതികരണം. പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നേതാവാണ് കെ സുധാകരന്‍. ബിജെപിയെ തോല്‍പ്പിക്കുക എന്നത് ഒരു അനിവാര്യതയാണെന്ന് മനസിലാക്കിയാണ് കെ സുധാകരന്‍ തന്റെ പാര്‍ട്ടിയോട് സഹകരിക്കാമെന്ന് തീരുമാനമെടുത്തത.് അത് കെ സുധാകരന്റെ രാഷ്ട്രീയ തിരിച്ചറിവാണ്. വി ഡി സതീശന്‍ ഒരു പൊളിറ്റിക്കല്‍ നെക്‌സസിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷം പറവൂരില്‍ സതീശനെതിരെ നാട്ടില്‍ പോലും ആര്‍ക്കും അറിയാത്ത ദുര്‍ബല സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. ത്യാഗം സഹിക്കാതെ നേതാവായ ആളാണ് വി ഡി സതീശനെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

അനുഭവ സമ്പത്തില്ലാത്ത വി ഡി സതീശന് ആകെയുള്ളത് കുറച്ച് ധിക്കാരമാണെന്ന് അന്‍വര്‍ പരിഹസിച്ചു. പാര്‍ട്ടിക്ക് വേണ്ടി കേസുണ്ടാക്കിയിട്ടില്ലാത്ത സതീശന്റെ പേരില്‍ ആകെയുള്ളത് പുനര്‍ജനിയുമായി ബന്ധപ്പെട്ട കേസാണ്. പൊലീസുമായി ഏറ്റുമുട്ടാനോ തല്ലുകൊള്ളാനോ സതീശനുണ്ടായിട്ടില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുമായിരുന്ന ഒരു ഘട്ടത്തില്‍ തന്റെ ഗുരുവായിരുന്ന ആളെ വെട്ടിയാണ് സതീശന്‍ ആ സ്ഥാനത്തെത്തുന്നത്. കെ സുധാകരനും വി ഡി സതീശനും തമ്മില്‍ ആനയും അമ്പാരിയും തമ്മിലുള്ള വ്യത്യാസമുണ്ട്. വി ഡി സതീശന്‍ തന്നെ അപമാനിച്ചു. അദ്ദേഹത്തില്‍ നിന്ന് താന്‍ അതേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version