തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ രണ്ടുപേര്‍ ലൈംഗിക വൈകൃതത്തിന് അടിമകളെന്ന് പൊലീസ്. ലാത്വിയന്‍ സ്വദേശിയായ വനിത കൊലചെയ്യപ്പെട്ട പ്രദേശം ഇവരുടെ സ്ഥിരം കേന്ദ്രമാണ്. മുന്‍പും ഇവര്‍ ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിരവധി കേസുകളില്‍ പ്രതികളായ ക്രിമിനലുകളാണ് അറസ്റ്റിലായ രണ്ടുപേരും. ലൈംഗിക വൈകൃതത്തിന് അടിമകളാണ് ഇവര്‍. മുഖ്യപ്രതി ഉമേഷിന് പുരുഷന്മാരിലാണ് താത്പര്യം. ഉമേഷിന്റെ സ്ഥിരം കേന്ദ്രമാണ് വിദേശ വനിത കൊല്ലപ്പെട്ട സ്ഥലം. ഇവിടേക്ക് ഇയാള്‍ നിരവധി പുരുഷന്മാരെ ലൈംഗിക ആവശ്യത്തിനായി കൊണ്ടുവന്നിട്ടുണ്ടെന്നാണ് വിവരം. സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്കെതിരെ പതിമൂന്ന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. മേഖലയിലെ ആറു സ്ത്രീകളുമായെങ്കിലും ഉമേഷിനു ബന്ധമുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ രണ്ടാന്‍ ഉദയന്റെ വീക്ക്നെസ് വെള്ളക്കാരികളായ സ്ത്രീകളാണ്. കഞ്ചാവു ബീഡി കൊടുക്കാം എന്നു പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കുന്നത്. കൊല്ലപ്പെട്ട വിദേശ വനിതയെയും അങ്ങനെ തന്നെയാണ് ഇവിടേക്ക് എത്തിച്ചത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
മണക്കാടുള്ള കാറ്ററിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇരുവരും. കാറ്ററിങ് ഇല്ലാത്ത സമയങ്ങളില്‍ അനധികൃത ടൂറിസ്റ്റ് ഗൈഡുകളായി രംഗത്തിറങ്ങും. അങ്ങനെയാണ് ഇവര്‍ ഇരകളെ വീഴ്ത്തുന്നത്.
കാണാതായ വിദേശവനിതയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പൊലീസ് പ്രഖ്യാപിച്ച പാരിതോഷികം നേടിയെടുക്കാനും ഉദയന്‍ പ്ദ്ധതിയിട്ടിരുന്നു എന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. വനിതയെക്കുറിച്ച് അന്വേഷണം നടന്ന ദിവസങ്ങളില്‍ ഇത്തരമൊരു നീക്കം ഉദയന്‍ നടത്തിയിരുന്നു. പിന്നീട് പിടിക്കപ്പെടുമോ എന്ന സംശയത്തില്‍ അതില്‍നിന്നു പിന്‍മാറുകയായിരുന്നു.
കൊലപാതകത്തിനു മുന്‍പ് നാലു വട്ടം വിദേശ വനിത ബലാത്സംഗത്തിന് ഇരയായെന്നാണ് പരിശോധനാ ഫലങ്ങളില്‍നിന്നു വ്യക്തമായിട്ടുള്ളത്. കണ്ടല്‍ക്കാട്ടിലേക്കു പോകുന്നതിനിടെ പ്രതികള്‍ ഇളനീര്‍ ഇട്ടു വനിതയ്ക്കു നല്‍കി. അതിനുശേഷം, ലഹരിക്ക് അടിമപ്പെട്ട വനിതയെ അവിടെയുള്ള കെട്ടിടത്തിനു സമീപത്തെത്തിച്ചു രണ്ടു പ്രാവശ്യം വീതം പീഡിപ്പിച്ചു. വൈകിട്ടോടെ ബോധം തെളിഞ്ഞപ്പോള്‍ ഇവര്‍ മടങ്ങാന്‍ ഒരുങ്ങിയെങ്കലും പ്രതികള്‍ സമ്മതിച്ചില്ല. മല്‍പ്പിടിത്തത്തിനിടെ പ്രതികളില്‍ ഒരാള്‍ പിന്നിലൂടെ ഇവരുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.