Pravasimalayaly

കേരളത്തിന് നിരാശ; ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം മൽസരങ്ങള്‍ പുണെയില്‍

പുണെ: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ മല്‍സരങ്ങള്‍ പുണെയില്‍. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണു തീരുമാനം അറിയിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ധോണിയുടെ നിലപാടാണ് മൽസരങ്ങള്‍ പുണെയില്‍ എത്തിച്ചത്. പുണെയില്‍ മല്‍സരങ്ങള്‍ നടത്തുന്നതിനോട് ചെന്നൈ ടീം മാനേജ്‌മെന്റിന് എതിര്‍പ്പില്ലെന്നും രാജീവ് ശുക്ല അറിയിച്ചു.

പുണെയ്ക്ക് പുറമെ വിശാഖപട്ടണം, തിരുവനന്തപുരം, രാജ്‌ഘട്ട് എന്നിവിടങ്ങളും വേദി മാറ്റത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധോണിയുടെ നിലപാടാണ് നിര്‍ണായകമായത്. റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സിനൊപ്പം ഇവിടെ കളിച്ചതാണ് പുണെ തന്നെ തിരഞ്ഞെടുക്കാന്‍ ധോണിയെ പ്രേരിപ്പിച്ചത്.

കാവേരി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ചെന്നൈയില്‍ നിന്ന് ഐപിഎല്‍ മല്‍സരങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന മല്‍സരത്തില്‍ വേദിക്ക് അകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് മല്‍സരം നടന്നതും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആറ് മല്‍സരങ്ങളാണ് ഇനി ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്തേണ്ടിയിരുന്നത്. ഇവയാണ് മറ്റു വേദിയില്‍ നടക്കുക.

ബിസിസിഐ പരിഗണിക്കുന്ന സാധ്യത പട്ടികയില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഐപിഎല്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version