Pravasimalayaly

കേരളത്തിൽ ഇന്നും പുതിയ കോവിഡ് രോഗികൾ ഇല്ല

തിരുവനന്തപുരം

സംസ്ഥാനത്ത് ഇന്നും പുതുതായി ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. തുടർച്ചയായ രണ്ടാംദിവസമാണ് സംസ്ഥാനത്ത് പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. രോഗബാധയുള്ള 61 പേരുടെ റിസൾട്ട് നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു. 499 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേർ ചികിത്സയിലുണ്ടായിരുന്നു. ഇതിൽ 61 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവർ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34 ആയതായും മുഖ്യമന്ത്രി അറിയിച്ചു. 21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 33,010 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ 2431 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതിൽ 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. ഇവയിലേക്ക് പുതിയ ഹോട്ട്സ്പോട്ടുകൾ കൂട്ടിച്ചേർത്തിട്ടില്ല. ഇന്ന് 1,249 ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടന്നത്. കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നു എന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്ന കാര്യമാണ്. എന്നാൽ കേരളീയർ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ മഹാമാരിയുടെ പിടിയിലുമാണ്. 80ൽ അധികം മലയാളികൾ ഇതിനോടകം കോവിഡ്-19 ബാധിച്ച് വിദേശത്ത് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യക്കകത്ത് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെയും രോഗം ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്-19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട എല്ലാ കേരളീയരുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടകം,തമിഴ്നാട്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടക-55,158, തമിഴ്നാട്-50,863, മഹാരാഷ്ട്ര-22,515, തെലങ്കാന-6,422 ഗുജറാത്ത്- 4959, ആന്ധ്രാപ്രദേശ്-4338, ഡൽഹി-4236 ഉത്തർ പ്രദേശ്-3,293,മധ്യപ്രദേശ്-2,490,ബിഹാർ 1,678, രാജസ്ഥാൻ-1,494, പശ്ചിമ ബംഗാൾ-1,357 ഹരിയാണ-1,777 ഗോവ-1,075 എന്നിങ്ങനെയാണ്. ആയിരത്തിൽ താഴെ പേർ രജിസ്റ്റർ ചെയ്ത മറ്റു ചില സംസ്ഥാനങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിവരങ്ങൾ പൂർത്തിയായതോടെ ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 28272 പേരാണ് പാസിന് അപേക്ഷിച്ചത്. 5470 പാസുകൾ വിതരണം ചെയ്തു. ഇന്നുച്ചവരെ 515 പേർ വിവിധ ചെക്ക്പോസ്റ്റുകളിലൂടെ കേരളത്തിലെത്തിയതായും മുഖ്യമന്ത്രി അറിയിച്ച.

Exit mobile version