Sunday, November 17, 2024
HomeNewsKeralaകേരളത്തിൽ രണ്ട് പേർക്ക് കോവിഡ്

കേരളത്തിൽ രണ്ട് പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് രണ്ടുപേർക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എട്ടു പേർ രോഗമുക്തി നേടി. കണ്ണൂരിൽ ആറുപേരും ഇടുക്കിയിൽ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 499 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,484 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 80 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 31,183 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 30,358 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാഗ്രൂപ്പുകളിലെ 2,093 സാമ്പിളുകളിൽ 1,234 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് ആകെ 80 ഹോട്ട്സ്പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു മാസത്തിലധികമായി വയനാട്ടിൽ കോവിഡ്-19 കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട് ഗ്രീൻ സോണിൽനിന്ന് ഓറഞ്ച് സോണിലേക്ക് മാറും. ഏറ്റവും കൂടുതൽ കോവിഡ്-19 ബാധിതർ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണ്. 38പേരാണ് കണ്ണൂരിൽ ചികിത്സയിലുള്ളത്. ഇവരിൽ രണ്ടുപേർ കാസർകോടു സ്വദേശികളാണ്. ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് ആളുകൾക്ക് സംശയമുണ്ടാകാതിരിക്കാൻ പ്രത്യേക വെബ്സൈറ്റ് ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments