കേരളത്തിൽ സംഘടിത നുണകളുടെ വ്യാജ പ്രചരണമെന്ന് മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷ്. സിപിഎം യുവ നേതാക്കൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വായിക്കാം
കേരളത്തിൽ കോവിഡ് 19നൊപ്പം സംഘടിത നുണകളുടെയും വ്യാജ പ്രചരണങ്ങളുടെയും സാമൂഹിക വ്യാപനം കൂടി നടക്കുന്നുണ്ട്. വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ തുടങ്ങി ഷംസീർ, സ്വരാജ്, റഹീം തുടങ്ങിയ CPI(M)ന്റെ യുവനേതാക്കൾ വരെ യുക്തിരഹിതമായ വാദങ്ങളും സംഘടിതമായ നുണകൾ ചാനൽ ചർച്ചകളിൽ പടച്ചു വിടുന്നു. വൈറസിനൊപ്പം ഇത്തരം രാഷ്ട്രീയ നുണകളുടെ വ്യാപനവും തടയുക എന്നത് നാടിന്റെ രാഷ്ട്രീയ ബോധത്തെ സംരക്ഷിക്കാൻ അനിവാര്യമാണ്.
ഇടതുപക്ഷ സർക്കാർ അധികാരത്തിലേറുമ്പോഴൊക്കെ അവരുടെ യുവജനവിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അതുവരെയുള്ള വിപ്ലവ പ്രവർത്തനങ്ങൾക്ക് അവധി കൊടുത്ത് കാശിക്ക് ടൂർ പോവുന്ന പരിപാടി കേരളത്തിന് ഇപ്പോൾ പരിചിതമാണ്. പക്ഷെ അതിൽ നിന്ന് ഒരുപടി കൂടി താഴോട്ടിറങ്ങി, ജനപ്രതിനിധികളും യുവജന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിലും ഇരിക്കുന്നവരും വരെ കേവലം സ്തുതിപാടകരും ന്യായീകരണ തൊഴിലാളികളും ആവുന്നത് രാഷ്ട്രീയത്തിന് തന്നെ അപകടമാണ്. വസ്തുതാപരമായി ചോദ്യങ്ങൾ ഉന്നയിക്കുന്ന അവതാരികമാരെ അടക്കം അപമാനിക്കാൻ പോലും മടിക്കുന്നില്ല എന്നുള്ളത് അവരുടെ ജനാധിപത്യ വിരുദ്ധതയുടെ നിറം തുറന്നു കാട്ടുന്നു.
2011ലെ തിരഞ്ഞെടുപ്പിൽ LDF ന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന എ.എ റഹീമിനെ പോലൊരു ചെറുപ്പക്കാരന് ചാനൽചർച്ചകളിൽ വന്നിരുന്ന്, ഒരു കൊലക്കേസ് പ്രതി ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്നം എന്ന് യാതൊരു സങ്കോചവുമില്ലാതെ ചോദിക്കേണ്ടി വരുന്നത് ഏത് രാഷ്ട്രീയ പാപ്പരത്തത്തിന്റെ പേരിലാണെങ്കിലും പരിതാപകരമാണ്.
മനോരമ ന്യൂസിൽ കഴിഞ്ഞ ദിവസം നടന്നൊരു ചാനൽ ചർച്ചയിൽ തന്നെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് മാധ്യമങ്ങളാണ് അവതാരകയോട് ഷംസീർ എന്ന യുവ CPM നേതാവ് പറയുന്നത് കേട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് 6 വർഷങ്ങൾക്ക് ശേഷവും വടകരയിലെ ജനങ്ങൾ തന്നെ എന്തിനാണ് തോൽപ്പിച്ചതെന് മനസിലാക്കാൻ ഷംസീറിന് കഴിഞ്ഞിട്ടില്ല. മുല്ലപ്പള്ളിയെ പോലൊരു ജനകീയനോട് മത്സരിച്ച് ജയിക്കാൻ പാർട്ടിയുടെ ന്യായീകരണപട്ടമല്ലാതെ എന്ത് രാഷ്ട്രീയ മൂലധനമാണ് തന്റെ കയ്യിൽ ഉള്ളതെന്ന് ആ ചെറുപ്പക്കാരൻ തന്നെ ചിന്തിച്ചു നോക്കേണ്ടതാണ്.
ഇന്നലെ വരെ അന്താരാഷ്ട്ര കള്ളകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നിയമനം നൽകിയത് PWC എന്ന കൺസൽട്ടിങ്ങ് കമ്പനി ആണെന്നായിരുന്നു മറ്റൊരു യുവനേതാവ് സ്വരാജ് ചർച്ചകളിൽ പറഞ്ഞിരുന്നത്. നിലവിൽ MLA യും CPM സംസ്ഥാന കമ്മിറ്റി അംഗവും ദീർഘകാലം യുവജന – വിദ്യാർത്ഥി സംഘടനകളുടെ നേതാവും ആയിരുന്ന സ്വരാജ് പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടെന്ന് ഒരു പക്ഷേ ചില SFI ക്കാരെങ്കിലും വിചാരിച്ചിട്ടുണ്ടാവാം.. എന്നാൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരൻ തന്നെയാണ് നിയമനശുപാർശ നടത്തിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്നു വിവരങ്ങൾ. പ്രിയപ്പെട്ട സ്വരാജ്, ഇതെല്ലാം കണ്ട് പാർട്ടിയിൽ വളർന്ന് വരുന്ന നിങ്ങളുടെ യുവജന വിദ്യാർത്ഥി നേതാക്കൾ ഭാവിയിലെ നുണ ഫാക്ടറികളായി മാറിയാൽ അത് നിങ്ങളുടെ കൂടി രാഷ്ട്രീയ ജീർണ്ണതയുടെ ഫലമായിരിക്കാം.
സർക്കാർ പ്രതിക്കൂട്ടിലായ ഈ വിവാദ കാലത്തു വാതുറക്കാതെ തങ്ങളുടെ സോഷ്യൽ പ്രൊഫൈലുകളിൽ പാട്ടുകച്ചേരി നടത്തിയും ഓൺലൈൻ പാർട്ടി ക്ലാസുകൾ നടത്തിയും കഴിഞ്ഞുകൂടുന്ന ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ, കുന്നോളം കിട്ടുന്ന ഭൂതകാല കുളിരിന് വേണ്ടിയെങ്കിലും കേരളത്തിലെ വിദ്യാർത്ഥി സമൂഹം നീതിക്ക് വേണ്ടി നടത്തിയ ഐതിഹാസിക സമര ചരിത്രങ്ങളെ ഓർമ്മിക്കണം. അഷിക് അബുവിനെ പോലുള്ളവർക്ക് സിനിമ എടുക്കാനെങ്കിലും ഒരു ഇടതു വിദ്യാർത്ഥി സംഘടന ജീവനോടെ വേണമെല്ലോ ? !
പാർട്ടിക്ക് ഉള്ളിലെ പീഢനം അടക്കമുള്ള സ്ഥിരം വീഴ്ച്ചകൾ പഠിക്കാൻ അടുത്ത കാലത്ത് പാർട്ടി നിയോഗിച്ച നിരവധി കമ്മീഷനുകൾക്കൊപ്പം വിഷ്ണുനാഥ്, ഷാഫി പറമ്പിൽ വി.ടി ബൽറാം, ശബരിനാഥ് തുടങ്ങി അഭിജിത്ത് അടക്കമുള്ള കോൺഗ്രസിന്റെ യുവ-വിദ്യാർത്ഥിനിര വിഷയങ്ങളോട് പ്രതികരികരിച്ചെതെങ്ങനെയെന്ന് പഠിക്കാൻ ഒരു സമിതിയെ വെച്ചു ഷംസീർ, സ്വരാജ്, റഹീം തുടങ്ങിയ CPM യുവനേതാക്കൾക്ക് പഠിക്കാൻ കൊടുക്കുന്നത് നന്നായിരിക്കും..