തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷയ്ക്കായി സ്‌കോര്‍പ്പിയോണ്‍ സംഘത്തെ നിയമിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ജയിലുകലില്‍ മൊബൈല്‍ ജാമറുകളും സ്ഥാപിക്കുമെന്നു കെ.സി ജോസഫിന്റെ സബ്മിഷനു മറുപപടിയായി മുഖ്യമന്ത്രി അറിയിച്ചു. ജയിലുകളിലെ അന്തരീക്ഷത്തിനു ചേരാത്ത കാര്യങ്ങള്‍ ജയിലുകളില്‍ നടക്കുന്നു എന്നു സര്‍ക്കാര്‍ മനസിലാക്കിയതിനെ തുടര്‍ന്നാണ് ജയിലുകളില്‍ പരിശോധനകള്‍ നടത്തിയത്. നിയമവിധേയമല്ലാത്ത സൗകര്യങ്ങള്‍ ചില ജയിലുകളില്‍ നടന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശനമായ നടപടി വേണമെന്നു തീരുമാനിച്ചത്. കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍, ലഹരിവസ്തുക്കള്‍ എന്നിവ കണ്ടെത്തി. ജയിലുകളില്‍ നിയമരഹിതമായി പ്രവര്‍ത്തിച്ചവര്‍ക്കേതിരേ കര്‍ശന നടപടി കൈക്കൊള്ളും. ജയിലുകളില്‍ നിന്നും പുറത്തേയ്ക്ക വിവിധ കാര്യങ്ങള്‍ക്കായി കൊണ്ടുപോയി തിരികെ എത്തിക്കുമ്പോഴാണ് നിരോധിത വസ്തുക്കളുമായി വരുന്നത്. ചില തടവുകാരെ ജയില്‍ മാറ്റിയിട്ടുണ്ട്. ജയിലുകളുടെ കവാടങ്ങളില്‍ സുരക്ഷക്കായി ഐആര്‍ബി സ്‌കോര്‍പ്പിയോണ്‍ സംഘത്തെ നിയോഗിക്കും ജയിലുകളേയും കോടതികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം മൂന്നുമാസത്തിനുള്ളില്‍ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.