കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. മാര്‍ഗംകളിയുടെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ താഴെചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തില്‍ പി.എന്‍.ഷാജി (ഷാജി പൂത്തട്ട-51) യെയാണ് ബുധനാഴ്ച വൈകിട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.രാവിലെ ഭക്ഷണം കഴിച്ചശേഷം വീട്ടിനകത്ത് മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘര്‍ഷം നടന്നിരുന്നു. കൂടുതല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് വി.സി. ഇടപെട്ട് കലോത്സവം നിര്‍ത്തിവെച്ചു. ഫലം അട്ടിമറിച്ചെന്ന് കാണിച്ച് സര്‍വകലാശാലാ യൂണിയന്‍ വാട്‌സാപ്പ് സന്ദേശം തെളിവായി നല്‍കി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഷാജിയെയും രണ്ട് പരിശീലകരെയും കന്റോണ്‍മെന്റ് പോലീസ് വേദിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അടുത്ത ദിവസം ഇദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.മൃതദേഹം കണ്ണൂര്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് സിറ്റി പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി സിറ്റി പോലീസ് പറഞ്ഞു. ‘നിരപരാധിയാണ്, തെറ്റൊന്നും ചെയ്തിട്ടില്ല’ എന്നാണ് കുറിപ്പിലുള്ളത്.നൃത്താധ്യാപകനാണ് മരിച്ച ഷാജി. അച്ഛന്‍: പി.സഹദേവന്‍. അമ്മ: പൂത്തട്ട ലളിത. ഭാര്യ: ഷംന (ധര്‍മടം). സഹോദരങ്ങള്‍: അനില്‍കുമാര്‍ (കാപ്പാട്), പരേതനായ സതീശന്‍ (അഴീക്കല്‍). സംസ്‌കാരം വ്യാഴാഴ്ച 12-ന് പയ്യാമ്പലത്ത്.