Sunday, September 29, 2024
HomeNewsKeralaകേസുകളില്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ വേണ്ട; ബൈലോ ഭേദഗതി വരുത്തി ഹൈക്കോടതി

കേസുകളില്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ വേണ്ട; ബൈലോ ഭേദഗതി വരുത്തി ഹൈക്കോടതി

കൊച്ചി: കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഹൈക്കോടതി. എസ് എന്‍ ട്രസ്റ്റ് ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകള്‍ക്ക് പുറമേ എസ് എന്‍ ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. 

ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ കുറ്റവിമുക്തരാക്കപ്പെടുന്നതു വരെ ട്രസ്റ്റ് ഭാരവാഹികളായി തിരിച്ചു വരാന്‍ പാടില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിധിയില്‍ വ്യക്തമാക്കി. എസ് എന്‍ ട്രസ്റ്റ് ബൈലോ തയ്യാറാക്കിയത് ഹൈക്കോടതിയാണ്. അതിനാല്‍ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരമുള്ളത്.

ഹൈക്കോടതി വിധി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടിയാണ്. എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര മുന്‍ സെക്രട്ടറി മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വെള്ളാപ്പള്ളിക്കെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments