തിരുവനന്തപുരം: ഉറങ്ങിക്കിടന്ന യുവതിയെ ജനലിലൂടെ കയ്യിട്ട് പിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ടെക്‌നോപാര്‍ക്ക് ജീവനക്കാരി കൊടുത്തത് നല്ല കിടിലന്‍ പണി.ദേഹത്തു പതിഞ്ഞ കൈ പിടിച്ചു കുത്തി മുറിവേല്‍പിച്ചും മൊബൈലില്‍ ശല്യക്കാരന്റെ ചിത്രം പകര്‍ത്തിയും യുവതി അവസരോചിതമായി പ്രതികരിച്ചപ്പോള്‍ പ്രതിയെ പിടികൂടുന്നത് പോലീസിന് ഏളുപ്പമായി. കഴക്കൂട്ടം കിഴക്കുംഭാഗം പുതുവല്‍ പുത്തന്‍വീട്ടില്‍ മുരുകേശനാ(40)ണു പിടിയിലായത്. കഴക്കൂട്ടം ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറാണ്.
അതിക്രമത്തെ ധൈര്യപൂര്‍വം നേരിട്ട് അറസ്റ്റിനു വഴിയൊരുക്കിയ യുവതിയെ പൊലീസ് അഭിനന്ദിച്ചു. പത്തിനു പുലര്‍ച്ചെ മൂന്നിനു കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനു സമീപം ജീവനക്കാരികള്‍ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: രാത്രി ജോലി കഴിഞ്ഞു എത്തിയ ഇവര്‍ ഏറെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. കടുത്ത ചൂടായതിനാല്‍ ജനാലകള്‍ തുറന്നിട്ടു. ഏറെ നേരം കഴിഞ്ഞായിരുന്നു കയ്യേറ്റം. ജനാലയ്ക്കരികില്‍ കിടക്കുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിച്ചു. ഞെട്ടിയുണര്‍ന്ന ഇവര്‍ കുതറിമാറാന്‍ ശ്രമിച്ചിട്ടും പിടിവിടാതെ ഉപദ്രവം തുടര്‍ന്നു.
ഒടുവില്‍ കയ്യില്‍ കിട്ടിയ കമ്പി കൊണ്ട് യുവതി ഇയാളുടെ കൈയ്യില്‍ കുത്തി. കുത്തേറ്റതോടെ ഇയാള്‍ പിടിത്തം വിട്ടു.ഈ തക്കം നോക്കി യുവതി മൊബൈലില്‍ ഇയാളുടെ ചിത്രം പകര്‍ത്തുകയും ചെയ്തു. ഈ ചിത്രമാണു പ്രതിയെ പിടികൂടാന്‍ പൊലീസിനു സഹായകമായത്. ഇതര ജില്ലക്കാരായ യുവതികള്‍ മാത്രം താമസിക്കുന്ന 12 വീടുകളാണ് ഈ ഭാഗത്തുള്ളത്ത്. ബഹളം കേട്ട് മറ്റു ജീവനക്കാരികള്‍ ഓടികൂടുന്നതിനു മുന്‍പേ മുരുകന്‍ രക്ഷപ്പെട്ടു. രാത്രിയാകാന്‍ കാത്ത് സണ്‍ഷേഡില്‍ ഏറെനേരം പതുങ്ങിയിരുന്നതിനു ശേഷമാണ് ഇയാള്‍ യുവതിയെ കടന്നു പിടിച്ചത്. റൂമില്‍ ഒപ്പം കഴിയുന്ന യുവതി നാട്ടില്‍ പോയ ദിവസമായിരുന്നു സംഭവം.
വനിതകള്‍ക്കു നേരെയുള്ള അതിക്രമം ഈ ഭാഗത്ത് പതിവാകുകയാണ്. ജീവനക്കാരികള്‍ തങ്ങുന്ന ഹോസ്റ്റലുകളിലും വീടുകളിലും ശല്യക്കാരുടെ രാത്രികാല നുഴഞ്ഞുകയറ്റം പതിവാണെന്ന് പരാതിയുണ്ട്. അമ്പലത്തിന്‍കര, മുള്ളുവിള, ആറ്റിന്‍കുഴി എന്നിവിടങ്ങളിലെ ചില ഹോസ്റ്റലുകളാണ് ഇത്തരം അത്രിക്രമങ്ങളുടെ വേദി. പതിയിരുന്നു എത്തിനോട്ടമാണു ഞരമ്പുരോഗികളുടെ പ്രധാന വിനോദം. നേരത്തേ ആറ്റിന്‍കുഴി സ്‌കൂളിനടുത്തും നെഹ്‌റുജംക്ഷനിലും സമാനരീതിയിലുള്ള കേസുകളുണ്ടായി.
രണ്ടാഴ്ച മുന്‍പ് ബൈപാസില്‍ ഇതര സംസ്ഥാന സ്വദേശികളായ ടെക്കികള്‍ക്കു നേരെയും ചിലര്‍ അതിക്രമത്തിനു മുതിര്‍ന്നു. നഗ്‌നതപ്രദര്‍ശനത്തിനു മുതിര്‍ന്ന യുവാവിനെ ടെക്കികള്‍ കൈകാര്യം ചെയ്തു. പൂവാലശല്യവും മേഖലയില്‍ പതിവാണ്. സംഭവം നടന്ന വീടിനു തൊട്ടടുത്താണു എക്‌സൈസ് റേഞ്ച് ഓഫിസ്. വിളയില്‍ക്കുളം, നെഹ്‌റു ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ രാത്രികാല എത്തിനോട്ടത്തെ സംബന്ധിച്ചു പരാതികളുണ്ടെന്നും ഇവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും തുമ്പ എസ്‌ഐ പ്രതാപ ചന്ദ്രന്‍ പറഞ്ഞു. വനിതാ ജീവനക്കാരികള്‍ കഴിയുന്ന ഹോസ്റ്റലുകളിലും വീടുകളിലും സിസിടിവി കാമറ നിര്‍ബന്ധമായി സ്ഥാപിക്കണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. നിലവില്‍, പകുതിയോളം വീടുകളില്‍ സിസി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന.