തൃശൂര്‍: ശോഭാ സുരേന്ദ്രന്‍ കള്ളം പറയുകയാണെന്ന് കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷ്. ആര്‍ക്കും തന്നെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ ആരായിരിക്കും എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കുടുംബത്തിന് എഴുതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആരോടും ചോദിച്ചിട്ടല്ല എന്നെ ഓഫീസ് സെക്രട്ടറിയാക്കിയത്. ജില്ലാ ഓഫീസര്‍മാര്‍ ചെയ്യേണ്ട കാര്യം പോലും എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. അത് ഭംഗിയായി ചെയ്ത് കൊടുത്തിട്ടുണ്ട്. കെ സുരേന്ദ്രന്‍ പറഞ്ഞല്ലോ അദ്ദേഹത്തിന്‌റെ കൈകള്‍ ശുദ്ധമാണെന്ന്. കെ സുരേന്ദ്രനെ കുറിച്ച് എല്ലാവര്‍ക്കും അറിയുന്നതല്ലേ. വയനാട് നിന്ന് അദ്ദേഹത്തെ എന്തിനാണ് പുറത്താക്കിയത്. മരം മുറിച്ചിട്ടല്ലേ. എല്ലാവര്‍ക്കും അറിയുന്നതാണ് അത്. കുഴല്‍പ്പണക്കേസില്‍ മോഷണം നടന്നു. അന്ന് ധര്‍മ്മരാജന്‍ ആരെയാണ് ആദ്യം വിളിച്ചത്. കെ സുരേന്ദ്രനെയല്ലേ. ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന് കള്ളപ്പണക്കാരനുമായി എന്താണ് ബന്ധം.
എന്നെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കിയെന്ന് പറുന്നുണ്ട്. എന്നെ ആരും പുറത്താക്കിയിട്ടില്ല. സ്വമേധയാ വിട്ടുനിന്നതാണ്. പുറത്താക്കിയെന്ന കാര്യം നുണയാണ്. കോഴിക്കോട് നിന്ന് പണം കൊണ്ടുവരുമ്പോള്‍ കെ സുരേന്ദ്രന്‍ അതില്‍ നിന്നും ഒരു കോടി രൂപ കയ്യിട്ട് എടുത്തെന്ന് ധര്‍മരാജന്‍ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ. ബാക്കി 35 ലക്ഷം വി വി രാജേഷിന് കൊടുക്കാന്‍ പറഞ്ഞു,’ തിരൂര്‍ സതീഷ് പറഞ്ഞു.
ശോഭാ സുരേന്ദ്രന്‌റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശോഭാ സുരേന്ദ്രന് വ്യക്തതയുള്ള നേതാവ് എന്ന ഇമേജുണ്ടായിരുന്നു. അത് മാറ്റാനാണോ അവര്‍ സുരേന്ദ്രനെ പോലുള്ളവര്‍ മുന്നോട്ടുവെക്കുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കുന്നത്. ജില്ലാ നേതാക്കളെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍ സംസാരിക്കേണ്ട ആവശ്യം എന്താണ്. ശോഭയെ ജില്ലാ ഓഫീസില്‍ കയറ്റരുത് എന്ന പറഞ്ഞയാളാണ് ജില്ലാ അധ്യക്ഷന്‍. എന്നിട്ട് ആ ആള്‍ക്ക് വേണ്ടിയാണ് ശോഭ സുരേന്ദ്രന്‍ ഇതൊക്കെ പറയുന്നത്. വായ്പയടവിന്‌റെ രസീത് തരാം. നിങ്ങള്‍ അന്വേഷിച്ചോളൂ. ബിജെപിയില്‍ പദവി ആഗ്രഹിച്ച് വന്നയാളല്ല. ആരുടേയും പ്രീതി പിടിച്ചുപറ്റാന്‍ നോക്കിയിട്ടില്ല’, സതീഷ് പറഞ്ഞു.
‘ചായ വാങ്ങിച്ച് കൊടുക്കുന്നയാളാണോ കോടികള്‍ക്ക് കാവല്‍ ഇരുന്നതെന്ന് മുരളീധരന്‍ ചോദിച്ചിരുന്നു. ഓഫീസ് സെക്രട്ടറിയെ കുറിച്ച് പാര്‍ട്ടിക്ക് ഒരു ബൈ ലോ ഉണ്ട്. അതനുസരിച്ചാണ് പോകുന്നത്. എല്ലാ ഓഫീസ് സെക്രട്ടറിമാരെയും അപമാനിക്കുകയാണ് ഈ പരാമര്‍ശത്തിലൂടെ മുരളീധരന്‍ ചെയ്തത്. പോസ്റ്റര്‍ ഒട്ടിക്കാന്‍ നടക്കുന്ന പ്രവര്‍ത്തകരോട് മുഖത്ത് നോക്കി ചിരിക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പിന്നീട് പ്രവര്‍ത്തകന്‍ ഇത് അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിച്ചിട്ടുണ്ട്.ഒമ്പത് കോടി രൂപയാണ് അവിടെയെത്തിയത്. ആറ് കോടിയെന്ന ധര്‍മരാജന്‌റെ വാദം തെറ്റാണ്. ആര്‍ക്കൊക്കെയാണ് ആ പണം നല്‍കിയത്. ബാക്കി പണം എന്ത് ചെയ്തു. മണ്ഡലങ്ങള്‍ക്ക് എത്ര പണം കൊടുത്തു എന്നതെല്ലാം അന്വേഷിക്കണം. ആരൊക്കെ പണം എടുത്തു, ബാക്കി എത്രയുണ്ട് തുടങ്ങിയ എല്ലാ വിവരങ്ങളും വഴിയേ പറയും. ഇതൊക്കെ എന്നെക്കൊണ്ട് പറയിപ്പിച്ച കാര്യങ്ങളാണ്. ആരെയും വ്യക്തിഹത്യ നടത്താന്‍ കരുതിയിരുന്നില്ല. അവര്‍ക്ക് എന്‌റെ വാദങ്ങളെ നുണകൊണ്ട് പ്രതിരോധിക്കാനേ സാധിക്കൂ. ഞാന്‍ ചെയ്ത കാര്യങ്ങളെ മോശമായി ചിത്രീകരിച്ചത് അവരാണ്.