Pravasimalayaly

കൊറോണ പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യക്കാരി മിനാൽ ദഖാവേ ഭോസ്‌ലെയെ പരിചയപ്പെടാം

ലോകം കൊറോണ വൈറസിന് എതിരെ പോരാടുമ്പോൾ ഇന്ത്യയ്ക്ക് അഭിമാനമായി മാറുകയാണ് പൂനെ സ്വദേശിയും വൈറോളജിസ്റ്റുമായ മിനാൽ ദഖാവേ ഭോസ്‌ലെ.
രാജ്യത്തെ ആദ്യ തദ്ദേശീയ കൊറോണ കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് മിനാൽ. നിറവയറുമായി രാപകൽ മിനാലും സംഘവും നടത്തിയ ശ്രമങ്ങളാണ് രാജ്യത്തിന് അഭിമാനമായ “പാതോ ഡിറ്റക്ട് കോവിഡ് 19 ക്വാലിറ്റേറ്റിവ് പിസിആർ കിറ്റ്” കണ്ടുപിടുത്തത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്. മൈ ലാൻഡ് ഡിസ്കവറി സൊല്യൂഷൻസിലെ ചീഫ് വൈറോളജിസ്റ്റ് ആയ മിനാലും സംഘവും ആറു മാസത്തിലധികം വേണ്ടിയിരുന്ന ഗവേഷണം ആറ് ആഴ്ചകൊണ്ട് പൂർത്തിയാക്കിയാണ് ഈ പരിശോധന ഉപകരണം കണ്ടെത്തിയിരിക്കുന്നത്.

നിലവിൽ 8 മണിക്കൂർ വേണ്ട പരിശോധന വെറും 2 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ഫലം അറിയാമെന്നുള്ളതാണ് ഈ കിറ്റിന്റെ പ്രത്യേകത. ഒരു കിറ്റിൽ നൂറ് സാമ്പിളുകൾ പരിശോധിക്കുവാൻ കഴിയും. നിലവിൽ ഇറക്കുമതി ചെയ്യുന്ന കിറ്റുകൾക്ക് 4500-5000 രൂപ വരെ ചിലവാകുമ്പോൾ ഈ കിറ്റിന് 1200 രൂപ മാത്രമാണ് ചിലവ് വരിക. എൻ ഐ ബി യും സെന്റർ സ്റ്റാൻഡേർഡ് ഡ്രഗ് കണ്ട്രോൾ ഓർഗനൈസേഷനും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും അംഗീകാരം നൽകിയതോടെ വ്യാവസായിക അടിസ്‌ഥാനത്തിൽ കിറ്റിന്റെ നിർമ്മാണം ആരംഭിക്കും. ഒരാഴ്ചകൊണ്ട് ഒരു ലക്ഷം കിറ്റുകൾ രാജ്യത്തിനായി ഇവർ നിർമ്മിച്ച് നൽകും.


കിറ്റിന്റെ അംഗീകാരത്തിന് നാഷണൽ വൈറോളജി ഇന്സ്ടിട്യൂട്ടിന് സമർപ്പിച്ചതിനു ശേഷം തൊട്ടടുത്ത ദിവസം പെൺകുഞ്ഞിന് മിനാൽ ജന്മം നൽകുകയും ചെയ്തു. എത്രമാത്രം പ്രതിസന്ധികൾക്കിടയിലാവും ഈ കണ്ടുപിടുത്തവുമായി മിനാൽ സമർപ്പിതയായത് എന്നത് നമ്മെ പ്രചോദിതരാക്കുന്നു

Exit mobile version