ന്യൂഡല്‍ഹി: വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്. അപ്പീല്‍ നല്കാന് വിചാരണ കോടതി 30 ദിവസത്തെ സമയം രാഹുല്‍ ഗാന്ധിക്ക് നല്‍കിയിട്ടുണ്ട്.
ഒഴിവുള്ള സീറ്റില്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയാകും. കോടതി നിലപാട് കൂടി നോക്കി തീരുമാനം എടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. പൊതു തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തിനകം വരികയാണെങ്കില്‍ അവിടെ വോട്ടെടുപ്പ് നടത്തേണ്ടതില്ല.
എന്നാല്‍ ഒഴിവു വന്ന തീയതി മുതല്‍ പൊതു തെരഞ്ഞെടുപ്പുവരെ ഒരു വര്‍ഷത്തിലേറെ കാലമുള്ളമുള്ളതിനാല്‍, കോടതി വിധി എതിരായാല്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകും. വയനാടിന് പുറമെ, ത്രിപുരയിലും ഒരു ലോക്സഭ സീറ്റ് ഒഴിവുണ്ട്. നിയമസഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക് രാജിവെച്ചതിനെത്തുടര്‍ന്നാണ് ധന്പൂര് മണ്ഡലത്തില്‍ ഒഴിവു വന്നത്.
ജലന്ധര്‍ ലോക്സഭ സീറ്റില്‍ മെയ് 10 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഒഡീഷയിലെ ഝാര്‍സുഗുഡ, ഉത്തര്‍പ്രദേശിലെ ഛാന്‍ബേ, സുവര്, മേഘാലയയിലെ സോഹിയോങ് എന്നീ നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും മെയ് 10 ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.