Pravasimalayaly

കോട്ടയം ജില്ല പഞ്ചായത്ത്‌: നിലപാട് അയക്കാതെ ജോസ് കെ മാണി

കോട്ടയം ജില്ലാ പഞ്ചായത്ത് : പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലന്ന് ജോസ് കെ.മാണി 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

മാണിസാര്‍ രൂപം കൊടുത്ത കരാര്‍ അതേപടി തുടരണമെന്ന നിലപാടാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിച്ചത്.

രേഖാമൂലമുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെയുള്ള ത്രിതലപഞ്ചായത്തുകളില്‍ പദവികള്‍ നിശ്ചയിച്ചിട്ടുള്ളത്. എല്ലാ സ്ഥലത്തും ഇത്തരം കരാറുകള്‍ കൃത്യമായി കേരള കോണ്‍ഗ്രസ്സ് (എം) പാലിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി നഗരസഭാ തെരെഞ്ഞെടുപ്പില്‍ രേഖാമൂലമുള്ള കരാറില്‍ പാര്‍ട്ടി ഉറച്ചുനിന്നുകൊണ്ട് കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധിയുടെ നിര്‍ണ്ണായകമായ ഒരു വോട്ടിലാണ് ജോസഫ് വിഭാഗത്തിന് ചെയര്‍മാന്‍ പദവി ലഭിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫുമായുള്ള രേഖാമൂലമുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധി പ്രസിഡന്റ് പദവി രാജിവെച്ചിട്ടുമുണ്ട്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും യു.ഡി.എഫുമായി ഉണ്ടാക്കിയ രേഖാമൂലമുള്ള കരാറുകള്‍ കൃത്യമായി പാലിച്ചിട്ടുണ്ട്. ഇതേ കരാര്‍ മാത്രമാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുമുള്ളത്. അവിടെ മാത്രം കരാറില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നത് അനീതിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ തലേദിവസം നടന്ന ചര്‍ച്ചക്കിടയില്‍ പി.ജെ ജോസഫ് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ആ നിര്‍ദേശങ്ങള്‍ അപ്പോള്‍ തന്നെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതാണ്. ചര്‍ച്ചയില്‍ ഒരിക്കലും അംഗീകരിക്കപ്പെടാത്ത ഈ നിര്‍ദേശങ്ങള്‍ ധാരണയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നുണപ്രചരണമാണ് ജോസഫ് വിഭാഗം തുടര്‍ച്ചയായി നടത്തിയത്. തെരെഞ്ഞെടുപ്പിന്റെ തലേരാത്രി കൂറുമാറിയ വ്യക്തിക്ക് പ്രസിഡന്റ് പദവി കൊടുക്കണം എന്ന് ആവശ്യപ്പെടുന്നത് അധാര്‍മ്മികമാണ്. 

കഴിഞ്ഞ കുറെ കാലമായി എല്ലാ തെരെഞ്ഞെടുപ്പ് ഘട്ടങ്ങളിലും കലഹം ഉണ്ടാക്കി യു.ഡി.എഫിന്റെ ആത്മവീര്യം കെടുത്തുന്ന നടപടികളാണ് പി.ജെ ജോസഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പാലാ ഉപതെരെഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശപത്രിക തള്ളാന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടതും, തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ പാലായില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന് സ്ഥാനാര്‍ത്ഥി ഇല്ലെന്നും, ചിഹ്നം കൊടുക്കരുത് എന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതും, കുട്ടനാട് ഉപതെരെഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിന് മുമ്പ്തന്നെ യു.ഡി.എഫില്‍ ഒരു ആലോചനയും നടത്താതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും, ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതും.അകലകുന്നത്തേയും, കാസര്‍ഗോഡിലേയും ഉപതെരെഞ്ഞെടുപ്പുകളില്‍  റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതുമെല്ലാം യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ ബാധിച്ചിട്ടുണ്ട്. നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം കലഹം സൃഷ്ടിക്കുന്ന പി.ജെ ജോസഫിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് ശാശ്വതമായ വിരാമം ഉണ്ടാകുന്നതിനുള്ള ചര്‍ച്ചയും തീരുമാനവും ഉണ്ടാവണമെന്നാണ് യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഇത്തരം ചില നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. അക്കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതും ചര്‍ച്ചകള്‍ തുടരേണ്ടതും യു.ഡി.എഫിന്റെ ഉത്തരവാദിത്വമാണ്.

Exit mobile version