Pravasimalayaly

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; നടപടിയെടുത്ത് ആരോഗ്യവകുപ്പ്, പ്രിൻസിപ്പാളിനും അസി. പ്രൊഫസര്‍ക്കും സസ്പെൻഷൻ; ഹോസ്റ്റൽ മുറിയിൽ മാരക ആയുധങ്ങൾ, കത്തിയും കരിങ്കല്ലുകളും കണ്ടെത്തി

കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്‍റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി ഉത്തരവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

കോട്ടയം സർക്കാർ നഴ്സിം​ഗ് കോളേജിലെ റാഗിങ്ങിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുന്നു. കോളേജിലും ഹോസ്റ്റലിലും പരിശോധന നടത്തുകയാണ് പൊലീസ്. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കല്ല് കഷ്ണങ്ങളും പൊലീസ് കണ്ടെടുത്തു. വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, റാഗിങ്ങിന് ഇരയായ നാല് വിദ്യാർത്ഥികൾ കൂടി പൊലീസില്‍ ഔദ്യോഗികമായി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥകളിൽ ഒരാൾ മാത്രമാണ് മുൻപ് പരാതി നൽകിയിരുന്നത്.

Exit mobile version