കോട്ടയം: കോട്ടയം ജില്ലാ ആശുപത്രി നേത്രവിഭാഗത്തില്‍ മരണക്കെണിയാണ് ഇവിടെ രോഗികള്‍ക്കായി ചെയ്തുവച്ചിരിക്കുന്നത്. രോഗികള്‍ക്ക് ഇരിക്കാനുള്ള ഇരുമ്പു കസേരയുടെ പിന്നില്‍ യാതൊരു മറയും സുരക്ഷയുമില്ലാതെ വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള എക്സ്റ്റന്‍ഷന്‍ കോഡ് ഘടിപ്പിച്ചിരിക്കുന്നു.കസേരയില്‍ വന്ന് ഇരിക്കുന്ന രോഗികള്‍ക്ക് കാണാനാവാത്ത രീതിയിലാണ് ഇത് ഒരു തുണിക്കഷണം കൊണ്ട് ഇവിടെ കെട്ടിയുറപ്പിച്ചുവച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയില്‍ നിരവധി കണക്ഷനുകള്‍ കൊടുക്കാവുന്ന എക്സ്റ്റന്‍ഷന്‍ ബോക്‌സ് ആണ് ഇവിടെ കെട്ടിവച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയില്‍ വൈദ്യുതി പ്രവഹിച്ചാല്‍ ഇരുന്പു കസേരയില്‍ വന്നിരിക്കുന്ന രോഗിയുടെ ജീവന്‍തന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്. അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ കസേരയില്‍ വന്നിരിക്കുന്നവര്‍ അറിയാതെയെങ്ങാനും കസേരയുടെ പിന്നിലേക്കു കൈകൊണ്ടുവന്നാല്‍ ഇതില്‍ തട്ടും.. മുറിയില്‍ മറ്റു പലേടത്തും സ്ഥലമുണ്ടായിട്ടാണ് രോഗികള്‍ക്ക് ഇരിക്കാനുള്ള കസേരയില്‍ വൈദ്യുതി കണക്ഷനുള്ള ബോര്‍ഡ് കെട്ടിവച്ചിരിക്കുന്നത്.
എക്സ്റ്റന്‍ഷന്‍ കോഡുംമറ്റും ഉപയോഗിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുള്ളപ്പോഴാണ് സാധാരണക്കാരന്റെ ജീവന്‍വച്ചുള്ള ഈ മരണക്കളി. ഇവിടെ രോഗിയുമായി ചികിത്സയ്‌ക്കെത്തിയ യുവാവാണ് മാര്‍ച്ച് 26ന് ഉച്ചയോടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.കസേരയില്‍ രോഗി ഇരിക്കുന്നതും എക്സ്റ്റന്‍ഷന്‍ ബോര്‍ഡിലെ വൈദ്യുതി പ്രവാഹം സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്ററുകള്‍ കത്തി നില്‍ക്കുന്നതും കാണാം. ഇതിനു മുന്നില്‍ത്തന്നെ മറ്റു ജീവനക്കാരും രോഗികളുമൊക്കെ നില്‍ക്കുന്നതും ദൃശ്യങ്ങള്‍ വ്യക്തമാണ്