കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെ സംഭവത്തില്‍ കോട്ടയം പോലീസിന് സംഭവിച്ചത് ഗുരുതരവീഴ്ച്ചയാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് വൈകുന്നേരം നാല് മണിക്കാണ് പോലീസ് തുടക്കമിടുന്നത്. ഒരല്‍പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവത്തില്‍ കെവിന്റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധിനഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്റെ ബന്ധുകള്‍ ഉന്നയിക്കുന്നത്.