Pravasimalayaly

കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; ഖാർഗെ 7897, ശശി തരൂർ 1072; 416 അസാധുവും

ന്യൂഡൽഹി: കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖാർഗേ നയിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ ഖാർഗേ 7897 വോട്ടുകൾ നേടിയപ്പോൾ ശശി തരൂർ 1072 വോട്ട് നേടി മാറ്റത്തിന്റെ മുഖമായി. 416 വോട്ട് അസാധുവായതായി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി പറഞ്ഞു.

തരൂരിന് ലഭിച്ച വോട്ട് വിഹിതത്തിലെ വർധനവ് ഒഴിച്ചാൽ കാര്യമായ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഖാർഗെയുടെ കർണ്ണാടകയിലെ വസതിക്ക് മുമ്പിലും ഒഫീസ് പരിസരത്തും വിജയാഘോഷം തുടങ്ങിയിരുന്നു.

കള്ളവോട്ട് നടന്നതായുള്ള തരൂരിന്റെ അക്ഷേപം കണക്കിലെടുത്ത് ഉത്തർപ്രദേശിലെ വോട്ടെണ്ണല് ഏറ്റവും ഒടുവിൽ മതിയെന്ന് തെരഞ്ഞെടുപ്പ് സമിതി നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ മൂവായിരം വോട്ടുമായി ഖാർഗെ ബഹുദൂരം മുന്നിലെത്തി. തരൂരിന് ആകട്ടെ ആദ്യ മണിക്കൂറിൽ നേടാനായത് മുന്നൂറ് വോട്ട് മാത്രം. വോട്ടെണ്ണൽ പാതി പിന്നിട്ടതോടെ ഖാർഗെയുടെ അപ്രമാദിത്യം വ്യക്തമായിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ തന്നെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി.

രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിനെ നയിക്കാൻ പ്രസിഡന്റ് എത്തുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ.

മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

നിയമസഭയിലേക്കേും ലോക്സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ഖാർഗെ ഒറ്റ തവണ മാത്രമാണ് തോൽവിയറിഞ്ഞത്. അത് 2019-ലായിരുന്നു. 1972ൽ ആദ്യമായി മത്സരിച്ചത് മുതൽ 2008വരെ തുടർച്ചയായി ഒമ്പത് തവണ കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവരണ സീറ്റായ ഗുർമിത്കൽ മണ്ഡലത്തിൽ നിന്നായിരുന്നു തുടർച്ചയായ വിജയം. ഒരു തവണ ചിതാപുരിൽ നിന്ന് ജയിച്ചു. 2009ലും 2014ലും ഗുൽബർഗയിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version