കൊച്ചി: കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി നാടകീയമായിട്ടാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് കോടതിയില്‍ ഹാജരാക്കിയ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ തുറന്ന കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കും.ചായക്കടയിലിരുന്ന മുഹമ്മദ് ഷിയാസിനെ മിന്നല്‍ വേഗത്തില്‍ തൂക്കിയെടുത്ത് ജീപ്പിലിട്ട് കൊണ്ട് പോകുന്ന അതേ വേഗതയിലായിരുന്നു പൊലീസ് നീക്കങ്ങളെല്ലാം. ഷിയാസിനെ അറസ്റ്റ് ചെയ്തതിലെ പ്രതിഷേധം ഉയരുമ്പോള്‍ തന്നെ മാത്യൂ കുഴല്‍നാടനോടും അറസ്റ്റിന് വഴങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പിന്നെ മണിക്കൂറുകള്‍ പൊലീസ് നടപടിയില്‍ ആര്‍ക്കും വ്യക്തതയില്ലായിരുന്നു. പ്രതിപക്ഷ നേതാവായ വി.ഡി.സതീശനും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് സമരപ്പന്തലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അപ്പുറമുള്ള കോതമംഗലം പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലായവര്‍ ഉണ്ടെന്ന വിവരം പോലും കിട്ടുന്നത്.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ഇട്ടു. ഇതിനൊപ്പം പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടും ചുമത്തി. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക അടക്കനമുളള വകുപ്പുകളും ചുമത്തി. നാല് മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നേതാക്കളെ ഹാജരാക്കി. അര മണിക്കൂറിലേറെ നീണ്ട വാദങ്ങള്‍ക്ക് ഒടുവില്‍ ഇടക്കാല ജാമ്യം എന്ന തീരുമാനമെത്തി. പൊലീസിന് കടുത്ത തിരിച്ചടിയും.
കോതമംഗലം സംഘര്‍ഷം: അറസ്റ്റിലായ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം
