Pravasimalayaly

കോഴിക്കോട്ട് ഇന്‍ഡിഗോ ബസ് ‘കസ്റ്റഡി’യില്‍

കോഴിക്കോട്: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പാണ് കോഴിക്കോട്ട് നിന്ന് ബസ് കസ്റ്റഡിയിലെടുത്തത്.

രാമനാട്ടുകരയില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. നികുതി കുടിശ്ശിക ചൂണ്ടിക്കാണിച്ചാണ് നടപടി. ആറുമാസമായി വാഹനത്തിന്റെ നികുതി അടച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ ഇനത്തില്‍ 40,000 രൂപ അടയ്ക്കാനുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. കുടിശ്ശികയായി മാത്രം 32,500 രൂപ വരും. പിഴയും ചേര്‍ത്ത് 40,000 രൂപ അടച്ചാല്‍ മാത്രമേ ബസ് വിട്ടുതരുകയുള്ളൂവെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ബസിനെതിരെയാണ് നടപടിയെടുത്തത്.

ആര്‍ടിഒയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ നടപടി കഴിഞ്ഞദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Exit mobile version