കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണില്‍ ഉള്‍പ്പെടുത്തി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോട്ടയത്ത് ഇന്ന് പുതിയ ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കിയില്‍ നാല് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് കോട്ടയത്തെയും ഇടുക്കി ജില്ലയെയും റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതോടെ ഇവിടങ്ങളില്‍ കടുത്ത നിയന്ത്രണം തുടരും.
ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നീ പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‌പ്പെടുത്തി. ഇവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും.
കൊവിഡ് ആക്ടീവ് കേസുകള്‍ ജില്ലകളില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നേരത്തെ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലകളെ വീണ്ടും റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതോടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.