കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുമ്പോൾ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡ്. സത്യൻ മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോൾ നവ്യ ഹരിദാസിന് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടുകളുടെ കുറവുമാണ് ഉണ്ടായത്. രാഹുലിൻ്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇത്തരം ആശങ്കകളെ ഇല്ലാതാക്കുകയാണ് പ്രിയങ്കയുടെ ഭൂരിപക്ഷം.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നുലക്ഷത്തോട് അടുത്തിരിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ 270354 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ നാല് മണിക്കൂർ അടുക്കുമ്പോൾ തന്നെ പ്രിയങ്കയുടെ ലീഡ് കുതിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപാണ് മുന്നേറ്റം തുടരുന്നത്. പാലക്കാട് ലീഡുകള്‍ മാറി മറിഞ്ഞെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലാണ് ലീഡ് ചെയ്യുന്നത്. പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാല് ലക്ഷം കടക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.