കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടിങ്ങ് തുടരുന്നു ; തരൂരിന് പ്രിയങ്കയുടെ സന്ദേശം.

0
39

തിരുവനന്തപുരം: എഐസിസി പ്രസിഡന്റ് മത്സരം കോൺഗ്രസിന് ഗുണം ചെയ്തിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി മെസേജ് അയച്ച് പറഞ്ഞതായി തൽസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നുമാണ് രാവിലെ പ്രിയങ്ക ഗാന്ധി സന്ദേശമയച്ചതെന്ന് അദ്ദേഹം പറയുന്നു. കോൺഗ്രസ് പാർട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താൻ മത്സരത്തിനിറങ്ങിയതെന്നും പാർട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കയ്യിലാണെന്നും തരൂർ പറഞ്ഞു.

അതേസമയം കോൺഗ്രസ് ദേശീയ പ്രസിഡന്റ് തെരെഞ്ഞടുപ്പിനുള്ള വോട്ടിങ്ങ് രാജ്യത്ത് നടന്നു വരുന്നു.ആകെ 9308 വോട്ടർമാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് ചെയ്യും. ശശി തരൂരിന് 3000 ലധികം വോട്ടുകൾ ലഭിക്കും എന്നാണു പ്രാഥമിക വിലയിരുത്തൽ. കേരളത്തിൽ നിന്നും പ്രതീക്ഷത്തിൽ അധികം വോട്ടു ലഭിക്കും എന്ന് തന്നെയാണ് ശശി തരൂർ ക്യാമ്പ് കരുതുന്നത്.

ഏറെ പ്രത്യേകതകൾ ഉള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്ന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിനിടയിൽ ആറാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. അവസാന ഇലക്ഷൻ നടന്നതാകട്ടെ 22 വർഷം മുൻപും.

പ്രചാരണം കൊണ്ട് ഏറെ ശ്രദ്ധേയമായ ഇലക്ഷനാണ് ഇപ്പോൾ നടന്നത്. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം അക്കമിട്ടു നിരത്തിക്കൊണ്ടായിരുന്നു ശശി തരൂരിന്റെ ഇലക്ഷൻ പ്രചാരണം നടത്തിയത്. വർഷങ്ങളായി പാർലമെന്ററി ബോർഡ് ഇല്ല എന്നതടക്കമുള്ള പ്രചാരണങ്ങൾ ഇലക്ഷന് ശേഷവും കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചർച്ച കൾക്ക് വഴിവെക്കും. പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദ്ദേശം കോൺഗ്രസ് നേതൃർത്വം സ്വീകരിക്കാൻ ഇടയില്ല എങ്കിലും കോൺഗ്രസിന്റെ പ്രവർത്തന ശൈലിയിൽ ചില മാറ്റങ്ങൾക്കു വഴി വെച്ചേക്കും എന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. തെരഞ്ഞെടുപ്പിന് ചൂടും ചൂരും പകരാൻ ശശി തരൂരിന് കഴിഞ്ഞു എന്നതിൽ ആർക്കും സംശയം ഇല്ല എന്നതും ഏറെ ശ്രദ്ധേയമാണ്.

Leave a Reply