കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ.വിനീതും രംഗത്ത്. ഇന്ത്യയിൽ ഫിഫ അംഗീകാരം ലഭിച്ച ആറു മൈതാനങ്ങളിൽ ഒന്നാണ് കലൂരിലെ സ്റ്റേഡിയമെന്നും ക്രിക്കറ്റ് മത്സരം നടത്താൻ മൈതാനം കുഴിച്ചാൽ ഈ പദവി നഷ്ടപ്പെടുമെന്നും വിനീത് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് ഭ്രാന്തന്മാരുടെ നാട് എന്ന് ഇന്ത്യ അറിയപ്പെടുന്നുണ്ടെങ്കിലും, ഒരു ഫുട്ബോൾ മൈതാനം തന്നെ ക്രിക്കറ്റിനുവേണ്ടി കുഴിക്കണമെന്നത് നിർബന്ധമാണോ എന്നും വിനീത് ചോദിക്കുന്നു.
മത്സരം തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു നീക്കുന്നതിനെതിരെ ശശി തരൂർ എംപിയും രംഗത്തുവന്നു. അണ്ടർ 17 ലോകകപ്പിനായി ഉപയോഗിച്ച ഗ്രൗണ്ടിൽ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ തരൂർ, ബിസിസിഐ താത്കാലിക ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്ന വിനോദ് റായിയുമായി ഇക്കാര്യം ചർച്ച ചെയ്തതായും അറിയിച്ചു. തിരുവനന്തപുരത്തു നിന്നു മത്സരം മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ, കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്താനുള്ള തീരുമാനത്തെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരം ഇയാൻ ഹ്യൂം രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കൊച്ചിയിലെ ഫുട്ബോൾ സ്റ്റേഡിയം തെരഞ്ഞെടുത്തത് എന്തിനാണെന്നും ഒരു ഫുട്ബോൾ മത്സരം മാത്രം നടത്താനായി കോൽക്കത്തയിലെ ഈഡൻ ഗാർഡൻ ഗ്രൗണ്ട് കുത്തിപ്പൊളിക്കുമോയെന്നും ഹ്യൂം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിച്ചു.