തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. തുടര്‍നടപടികള്‍ക്ക് ഡിജിപി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം ലോക്കപ്പ് മരണത്തെ ലാഘവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ലോക്കപ്പ് മരണമല്ല ശ്രീജിത്തിന്റേത്. ഏതെങ്കിലും നിയമ സംവിധാനം ഇടപെട്ടതിന് ശേഷമല്ല സര്‍ക്കാര്‍ ഇടപെട്ടത്. ഗൗരവമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നായിരുന്നു സ്പീക്കര്‍ അറിയിച്ചത്. വരാപ്പുഴ കേസ് സഭയില്‍ ഉന്നയിക്കാനേ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. നിയമോപദേശം എഴുതിവാങ്ങി എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാത്ത സ്പീക്കറുടെ നടപടി ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.