കർണാടകയിൽ മന്ത്രിസഭാ വികസനം ഇന്ന്. 24 എംഎഎൽഎമാർ കൂടി ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ തുല്യ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. വകുപ്പു വിഭജനവും ഇന്നുണ്ടാകും.
അതേസമയം ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവദിക്ക് മന്ത്രി സ്ഥാനം നൽകിയിട്ടില്ല. ബിജെപി വിട്ടെത്തിയ മറ്റൊരു നേതാവായ ജഗദീഷ് ഷെട്ടാർ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ഷെട്ടാറിനെ എംഎൽസി സ്ഥാനം നൽകാതെ മന്ത്രിയാക്കാൻ സാധിക്കില്ലെന്ന സഹാചര്യം നിലനിൽക്കുന്നതിനാൽ ആദ്യ ഘട്ടത്തിൽ അദ്ദേഹത്തേയും പരിഗണിച്ചിട്ടില്ല.
മന്ത്രിസഭാ വികസനത്തെ സംബന്ധിച്ച് ഡൽഹിയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. പുതിയ മന്ത്രിമാരുടെ പട്ടികയിൽ ആരെയെല്ലാം ഉൾപ്പെടുത്തണമെന്നതിൽ തർക്കം നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് രണ്ട് ദിവസമായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകളും നടന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ ബുധനാഴ്ച രാത്രി ചർച്ചകൾക്കായി ഡൽഹിയിലെത്തി. വെള്ളിയാഴ്ച ഇരുവരും സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ചയും നടത്തി. പിന്നാലെയാണ് 24 പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുന്നതിൽ ധാരണയായത്.