Pravasimalayaly

കർണാടക നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

ബം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശമായിരുന്നു ഇന്നലെ. ഇന്ന് ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനായിരിക്കും സ്ഥാനാർത്ഥികളുടെ ശ്രമം. നിശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടകൾക്ക് കർശന നിർദ്ദേശം നൽകി. 

അവസാന ഘട്ടത്തിൽ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയായിരുന്നു ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകിയത്. കോൺ​ഗ്രസിന്റെ റാലികളിൽ പ്രിയങ്കാ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും സജീവമായിരുന്നു. സോണിയ ​ഗാന്ധിയും അവസാന ഘട്ടത്തിൽ പ്രചാരണങ്ങളിൽ പങ്കെടുത്തു. 

കർണാടകയുടെ പരമാധികാരത്തിലും അഖണ്ഡതയിലും കൈകടത്താൻ ഒരാളെയും കോൺ​ഗ്രസ് അനുവദിക്കില്ലെന്ന സോണിയ ​ഗാന്ധിയുടെ പരാമർശം വിവാദമായി. ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. കേന്ദ്ര മന്ത്രി ശോഭ കരന്തലജെയാണ് പരാതി നൽകിയത്. 

കർണാടകയെ ഇന്ത്യയിൽ നിന്നു ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ​ഗ്യാങിലുൾപ്പെട്ട കോൺ​ഗ്രസ് ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവിൽ പ്രസം​ഗിച്ചിരുന്നു. ഇതിനെതിരെ കോൺ​ഗ്രസും കമ്മീഷന് പരാതി നൽകി. രാജ്യ വിരുദ്ധ പരാമർശം കോൺ​ഗ്രസ് നടത്തിയെന്നത് മോദിയുടെ വ്യാജ ആരോപണമാണെന്നും ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കോൺ​ഗ്രസ് പരാതി നൽകിയത്. 

മോദിയുടേയും പ്രിയങ്കാ ​ഗാന്ധിയുടേയും റോഡ് ഷോകളിൽ നിരവധി പേരാണ് പങ്കെടുത്തത്. ബം​ഗളൂരു ന​ഗരം കേന്ദ്രീകരിച്ച് നിരവധി പ്രചാരണ യോ​ഗങ്ങളാണ് ബിജെപിയും കോൺ​ഗ്രസും ഇന്നലെ സംഘടിപ്പിച്ചത്. 

Exit mobile version