Pravasimalayaly

ഖത്തര്‍ ആരോഗ്യമേഖല; ലൈസന്‍സിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ട

ദോഹ: ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയില്‍ ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സമയപരിധി കുറച്ചു. ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സ്(ക്യുസിഎച്ച്പി) ലൈസന്‍സ് ലഭിക്കുന്നതിന് ഇനിമുതല്‍ ക്യുസിഎച്ച്പി റജിസ്‌ട്രേഷനു അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ലൈസന്‍സ് ലഭിക്കും. ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ ക്യുസിഎച്ച്പി ലൈസന്‍സ് നിര്‍ബന്ധമാണ്.

പരിശോധനയില്‍ വിവരങ്ങള്‍ തൃപ്തികരമാണെന്നു കണ്ടാല്‍ 10 പ്രവൃത്തി ദിവസത്തിനകം ലൈസന്‍സ് നല്‍കും. ഇപ്പോള്‍ ലൈസന്‍സ് നല്‍കാന്‍ 20 ദിവസം എടുക്കുന്നുണ്ട്. റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ലൈസന്‍സ് ലഭിക്കും. നേരത്തേ ഇതിനു 15 ദിവസം എടുത്തിരുന്നു. അടുത്ത ഏതാനും മാസത്തിനുള്ളില്‍ അപേക്ഷ ലഭിച്ച് ഏഴുദിവസത്തിനകം ലൈസന്‍സ് ലഭ്യമാക്കുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ക്യുസിഎച്ച്പി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ക്യുഎന്‍എ റിപ്പോര്‍ട്ട് വ്യക്തമാക്കി.

നിലവില്‍ ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ ഡോക്ടര്‍, ദന്തഡോക്ടര്‍, ഫാര്‍മസിസ്റ്റ്, നഴ്‌സ്, റസ്പിറേറ്ററി തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ് തുടങ്ങിയവര്‍ക്കെല്ലാം ലൈസന്‍സ് വേണം. ക്യുസിഎച്ച്പി നടത്തുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ പാസ്സായാലേ ലൈസന്‍സ് ലഭിക്കൂ. നിശ്ചിത കാലയളവിലേക്കാണു ലൈസന്‍സ് നല്‍കുന്നത്. കാലാവധി തീരുംമുന്‍പു ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ ജോലിയില്‍ തുടരാനാവില്ല. ലൈസന്‍സ് പുതുക്കുന്നതിനു നിശ്ചിത സിപിഇ (കണ്‍ടിന്യൂവസ് പ്രഫഷണല്‍ എജ്യുക്കേഷന്‍) പോയിന്റുകള്‍ നേടേണ്ടതുണ്ട്.രാജ്യാന്തര ഹെല്‍ത്ത് കോണ്‍ഫറന്‍സുകളിലും എച്ച്എംസിയും സിദ്ര മെഡിസിനും മറ്റും നടത്തുന്ന ശില്‍പശാലകളില്‍ പങ്കെടുക്കുന്നതിലൂടെയും മറ്റുമാണു സിപിഇ പോയിന്റുകള്‍ ലഭിക്കുക.

സിപിഇ പോയിന്റിന്റെ വിശദവിവരങ്ങള്‍ മുതല്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വരെയുള്ളവ ക്യുസിഎച്ച്പി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താണു ലൈസന്‍സ് പുതുക്കുന്നത്. ആരോഗ്യമേഖലയിലുള്ളവര്‍ രാജ്യാന്തര നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും രോഗികള്‍ക്കു മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനും ചികില്‍സാ നിലവാരം ഉയര്‍ത്തുന്നതിനുമാണു ഖത്തറില്‍ ക്യുസിഎച്ച്പി ലൈസന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Exit mobile version