Pravasimalayaly

ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടണമെന്ന് ഫിഫ പ്രസിഡന്റ്

ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 48 ആക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 32 ടീമുകളാണ് നിലവില്‍ കളിക്കുന്നത്. ഫിഫയുടെ നീക്കം ഖത്തര്‍ ലോകകപ്പിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

16 ടീമുകളെ അധികം കളിപ്പിക്കുന്നത് സംബന്ധിച്ച് ഖത്തര്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ ഖത്തറിനെ കൂടാതെ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് കളികള്‍ മാറ്റേണ്ടി വരും. അതേ സമയം എല്ലാ കളികളും ഖത്തറില്‍ തന്നെ നടത്താന്‍ കഴിയുമോയെന്ന് ഫിഫ സാധ്യതാ പഠനം നടത്തും.

2026 മുതല്‍ 32 ടീമുകളെന്നത് വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഫിഫ തീരുമാനമെടുത്തിരുന്നു. നിലവില്‍ ലോകകപ്പിനായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ പണിയുന്നത്. 48 ടീമുകളെ കളിപ്പിക്കണമെങ്കില്‍ 12 സ്റ്റേഡിയങ്ങളാണ് വേണ്ടത്.

ടൂര്‍ണമെന്റ് വികസിപ്പിക്കുകയാണെങ്കില്‍ കുവൈറ്റിനെ ഉള്‍പ്പെടുത്തിയായിരിക്കും നടത്തുക. നിലവില്‍ സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിക്കുന്ന സാഹചര്യത്തില്‍ ബാക്കിയുള്ള രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയെന്നത് രാഷ്ട്രീയപരമായി ബുദ്ധിമുട്ടാകും.

Exit mobile version