Pravasimalayaly

ഖാദി തൊഴിലാളികളുടെ പരിഷ്‌കരിച്ച മിനിമം കൂലി ആഗസ്ത് ഒന്ന് മുതല്‍

തിരുവനന്തപുരം: കേരളത്തിലെ ഖാദി തൊഴിലാളികളുടെ പരിഷ്‌കരിച്ച മിനിമം കൂലി 2019 ആഗസ്ത് ഒന്നു മുതല്‍ നടപ്പാക്കുമെന്നു ഖാദി ബോര്‍ഡിന്റെയും ഖാദി സ്ഥാപനങ്ങളുടെയും, ഖാദി തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. . സര്‍ക്കാര്‍ നല്‍കാനുള്ള ഖാദി റിബേറ്റ് കുടിശ്ശിക ഓണത്തിന് മുന്‍പേ നല്കാന്‍ നടപടി സ്വീകരിക്കുമെന്നും, ഒക്ടോബര്‍ രണ്ടു മുതല്‍ കേരളത്തില്‍ ഖാദി ജനങ്ങളില്‍ വ്യാപിപ്പിക്കുന്നതിനു പ്രത്യേക പരിപാടികള്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഖാദി തൊഴിലാളികളുടെ മിനിമം കൂലി പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം നേരത്തെ ഇറക്കി. അതുപ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കരിച്ച മിനിമം വേതനം ഖാദി തൊഴിലാളികള്‍ക്കു നടപ്പാക്കാന്‍ വര്‍ഷം 55 കോടിയോളം രൂപ ചെലവു വരും. ഖാദിമേഖലയില്‍ കൂലി നിശ്ചയിക്കുന്നതിനുള്ള പരിഷ്‌ക്കരിച്ച ഖാദി കോസ്‌ററ് ചാര്‍ട്ട് നടപ്പാക്കും. പരിഷ്‌കരിച്ച മിനിമം കൂലി പ്രകാരം ഒരു നൂല്പു തൊഴിലാളിക്ക് ഒരു കഴി നൂല്‍ നൂല്‍കുന്നതിനു (33 കൌണ്ട് ) 5.50 രൂപ നിരക്കില്‍ വേതനം ലഭിച്ചിരുന്ന സ്ഥാനത്തു പുതുക്കിയ മിനിമം വേതന നിരക്ക് പ്രകാരം 14.90 രൂപ കൂലിയും 29 രൂപ ഡി എ യും, നെയ്തു തൊഴിലാളിക്കു മീറ്ററിന് 23.46 രൂപ ലഭിച്ചിരുന്ന സ്ഥാനത്തു 69.60 രൂപ കൂലിയും 29 രൂപ ഡി എ യും ലഭ്യമാകും. 13600 ഓളം വരുന്ന ഖാദി തൊഴിലാളിക്കു സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇന്‍കം സപ്പോര്‍ട് പദ്ധതി പ്രകാരം ലഭിക്കുന്ന തുകയും മിനിമംകൂലി നടപ്പാക്കുന്നതിന് പ്രയോജനപ്പെടുത്തും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്‍കം സപ്പോര്‍ട് ഇനത്തില്‍ 82കോടി രൂപ ഖാദി തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഖാദി മേഖലയുടെ വളര്‍ച്ച ലക്ഷ്യം വെച്ച് വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഖാദി ഉല്‍പ്പാദന യൂണിറ്റുകള്‍, റെഡി മെയ്ഡ് പാവ് നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയവ ആരംഭിക്കുകയും, തൊഴിലാളികള്‍ക്ക് ആവശ്യമായ ചര്‍ക്കകളും തറികളും വിതരണം ചെയ്തു വരികയുമാണ്. തൊഴിലാളികളുടെ ഉത്സവബത്ത തൊള്ളായിരത്തില്‍ നിന്നും ആയിരത്തഞ്ഞൂറായി ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. യോഗത്തില്‍ സി. കൃഷ്ണന്‍ എം.എല്‍.എ, ഖാദി ബേര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ ശോഭനാജോര്‍ജ് ,ഖാദി സെക്രട്ടറി ശരത് വി രാജ്, ഖാദി കമ്മീഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ലളിതാ മാണി, ഖാദി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സോണി കോമത്ത് , ഖാദി തൊഴിലാളി സംഘടനാ പ്രതിനിധികളായി ജോസഫ് പെരുമ്പള്ളി, രാജേന്ദ്രദാസ്, ഗംഗാധരന്‍, ഖാദി സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ഗോപാലപൊതുവാള്‍, സി.കേശവന്‍, പി.ബാലന്‍, കൃഷ്ണകുമാര്‍, ബാബുരാജ്, ഖാദി ബോര്‍ഡ് അംഗങ്ങളായ കെ.ധനഞ്ജയന്‍, മാണി.പി.എല്‍, ടി.വി.ബേബി, ലോഹ്യ മുതലായവര്‍ പങ്കെടുത്തു.

Exit mobile version