ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്ന് കാനഡ

0
52

ടൊറന്റോ: ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്ന് കാനഡ. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരും കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായുള്ള ആശയവിനിമയം അടക്കമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് കാനഡ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മയായ ‘five eyes’  തെളിവ് നല്‍കിയെന്നാണ് കാനഡയുടെ അവകാശവാദം. നേരിട്ടും അല്ലാതെയുമാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും കാനഡ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവില്‍ ഉറച്ചുനില്‍ക്കുന്നു. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ആരോപണം ആവര്‍ത്തിക്കുന്നു. ആരോപണം ഉന്നയിക്കാന്‍ വിശ്വസനീയമായ കാരണങ്ങള്‍ ഉണ്ടെന്നും ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.

‘തിങ്കളാഴ്ച പറഞ്ഞതുപോലെ, കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ വിശ്വസനീയമായ കാരണങ്ങളുണ്ട്. രാജ്യത്തിന്റെ നിയമവാഴ്ചയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഞങ്ങള്‍ക്ക് കര്‍ക്കശവും സ്വതന്ത്രവുമായ ജഡ്ജിമാരും നടപടികള്‍ സ്വീകരിക്കാന്‍ ശക്തമായ സംവിധാനങ്ങളുമുണ്ട്’- ട്രൂഡോ പറഞ്ഞു.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ഇന്ത്യ- കാനഡ ബന്ധം കൂടുതല്‍ മോശമാക്കുന്നതിനിടെയാണ്, കാനഡ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനകള്‍ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തില്‍ ഇന്ത്യയും ഉറച്ചു നില്‍ക്കുകയാണ്.

കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ കനേഡിയന്‍ പൗരന്‍മാര്‍ക്കു വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്കു നിര്‍ത്തിവച്ചിരുന്നു. ഇ-വിസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ ലഭിക്കില്ല. സുരക്ഷാഭീഷണി മൂലം കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതാണു വിസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിലവില്‍ വിസയുള്ളവര്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും മറ്റും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതിനു തടസ്സമില്ല.

Leave a Reply