ന്യൂസിലന്‍ഡില്‍ ആഞ്ഞുവീശി ഗബ്രിയേല്‍ ചുഴലിക്കാറ്റ്. രാജ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ന്യൂസിലന്‍ഡ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതേസമയം രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗബ്രിയേല്‍ ഒരു അഭൂതപൂര്‍വമായ കാലാവസ്ഥാ സംഭവമാണെന്നും വടക്കന്‍ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വലിയ ആഘാതങ്ങള്‍ ഉണ്ടാക്കിയതായും എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രി കീറന്‍ മക്അനുള്‍ട്ടി പറഞ്ഞു. ഗിസ്‌ബോണ്‍ തീരപ്രദേശം, തൈരാവിത്തി തുടങ്ങിയ ചില കമ്മ്യൂണിറ്റികള്‍ വൈദ്യുതിയോ മൊബൈല്‍ നെറ്റ്വര്‍ക്കുകളോ റോഡ് സൗകര്യമോ ഇല്ലാതെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.
ഏതാണ്ട് 46,000 വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. ചില പ്രദേശങ്ങളില്‍ വെള്ളപ്പൊത്തെ തുടര്‍ന്ന് ആളുകള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ അഭയം തേടി. ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ക്ലന്‍ഡിന് സമീപമുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രൂക്ഷമാണ്.