Pravasimalayaly

ഗസ്സയിൽ വെടി നിർത്തലില്ല; യുദ്ധം അവസാന ഘട്ടത്തിലെന്ന് നെതന്യാഹു

ഗസ്സയിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ അഭ്യർഥന ഇസ്രായേൽ തള്ളി . ഗസ്സ യുദ്ധം അന്തിമഘട്ടത്തിൽ ആണെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ലബനാനിലേക്കുള്ള യുദ്ധവ്യാപനം ഇസ്രായേലിന്‍റെ അന്ത്യം കുറിക്കുമെന്ന് ഹമാസ് തിരിച്ചടിച്ചു. അതേസമയം ഗസ്സയിൽ 21,000 കൂട്ടികളെ കാണാനില്ലെന്ന് സന്നദ്ധസംഘടനയായ സേവ് ദ ചിൽഡ്രൻ അറിയിച്ചു.സമ്പൂർണ വെടിനിർത്തലും ഗസ്സയിൽ നിന്നുള്ള സൈനിക പിൻമാറ്റവും ലക്ഷ്യം വെക്കുന്ന യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ നിർദേശം തള്ളി നെതന്യാഹു.

ഗസ്സയിൽ യുദ്ധം അന്തിമഘട്ടത്തിലാണെങ്കിലും ലക്ഷ്യം നേടും വരെ ആക്രമണം നിർത്തില്ലെന്നും നെതന്യാഹു വ്യക്​തമാക്കി. ബന്ദികളുടെ മോചനത്തിന്​ താൽക്കാലികവും ഭാഗികവുമായ വെടിനിർത്തൽ ആകാമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഹിസ്​ബുല്ലയെ നേരിടാൻ ഒരു വിഭാഗം സൈന്യത്തെ വടക്കൻ ഇസ്രായേലിലേക്ക്​ മാറ്റുമെങ്കിലും ഗസ്സ യുദ്ധം നിർത്തില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.ബൈഡൻ സമർപ്പിച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ പുതിയ അഭ്യർഥനയും തള്ളിയാണ്​ നെതന്യാഹുവിന്‍റെ പ്രസ്​താവന.

ഗസ്സ യുദ്ധം അവസാനിക്കാതെ ലബനാൻ അതിർത്തിയിൽ സമാധാനം പുനഃസ്​ഥാപിക്കാൻ കഴിയില്ലെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റിനെ ​യു.എസ്​ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ അറിയിച്ചു. അതേ സമയം ഇസ്രായേലി​ന്‍റെ സുരക്ഷക്കായി എല്ലാ സഹായവും തുടരുമെന്നും ജെയ്​ക്​ സള്ളിവൻ ഉറപ്പു നൽകി. ഗസ്സയിൽ ആക്രമണം നിർത്താനോ സൈനിക പിൻമാറ്റത്തിനോ ഇസ്രായൽ തയ്യാറല്ലെന്ന്​ നെതന്യാഹുവിന്‍റെ പ്രതികരണം തെളിയിക്കുന്നതായി ഹമാസ്​ നേതാവ്​ ഖലീൽ അൽ ഹയ്യ പറഞ്ഞു.

Exit mobile version