Pravasimalayaly

ഗാസയിലെ ആശുപത്രിയില്‍ വ്യോമാക്രമണം; 500 മരണം, പരസ്പരം പഴിചാരി ഇസ്രയേലും ഹമാസും

ഗാസയിലെ ആശുപത്രിക്ക് നേരെ വ്യോമാക്രമണം. 500 പേര്‍ കൊല്ലപ്പെട്ടു.മധ്യ ഗാസയിലെ അല്‍ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയാണ് രാത്രി ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് പലസ്തീന്‍ ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച ഇസ്രയേല്‍, ആക്രമണത്തിന് പിന്നില്‍ ഹമാസ് ആണെന്ന് ആരോപിച്ചു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. 

ആശുപത്രി പൂര്‍ണമായി തകര്‍ന്നു. ഹമാസ് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ മേഖലയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തുകയായിരുന്നെന്നും ഇതിന്റെ ഭാഗാമായാണ് ആശുപത്രിയേയും ലക്ഷ്യം വെച്ചത് എന്നുമാണ് ഹമാസ് പറയുന്നത്. രോഗികള്‍ക്ക് പുറമേ, ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി അഭയം തേടിയവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു. 

ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ‘ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലുണ്ടായ സ്ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകമായ ജീവഹാനിയിലും രോഷാകുലനും ദുഃഖിതനുമാണ്. ഈ വാര്‍ത്ത കേട്ടയുടനെ, ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടരാന്‍ ദേശീയ സുരക്ഷാ ടീമിന് നിര്‍ദ്ദേശം നല്‍കി.- ബൈഡന്‍ പറഞ്ഞു. 

Exit mobile version